ജീവിതത്തേയും ബന്ധങ്ങളേയും അലങ്കരിക്കേണ്ടത്‌ കരുണയുടെ കരുതലോടെയാണ്‌...

 

Arivarang, prabhatha chinthakal, അറിവരങ്ങ്, പ്രഭാത ചിന്തകൾ

🔅അറിവരങ്ങ് പ്രഭാത ചിന്തകൾ 🔅

       

🔅 നമ്മുടെ വീട്ടുകാരോടും നമ്മുടെ സുഹൃത്തുക്കളോടും ചെറിയ ചെറിയ പിണക്കങ്ങളും തെറ്റുകളും നമുക്ക്‌ പൊറുക്കാനായില്ലെങ്കിൽ പിന്നെ ആരോടാണ്‌ സാധിക്കുക. ?

🔅 ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു . സ്നേഹത്തിൽ കഴിയുന്നവരാണ്‌ രണ്ടാളും. എന്നിട്ടും ചെറിയൊരു കാര്യത്തിന്‌ വഴക്കിട്ടു. വാക്കുകളൊരുപാട്‌ അധികമായി. പുലരും വരെ പിണങ്ങിക്കിടന്നു. വിങ്ങിയ മുഖത്തോടെയാണേലും അവൾ രാവിലെ ഭക്ഷണമൊരുക്കി. രണ്ടാളും പിണക്കം വിടുന്നില്ല‌‌. ഭക്ഷണം കഴിക്കാൻ മോളാണ്‌ വന്നുവിളിച്ചത്‌. അദ്ദേഹം‌ കൈ കഴുകാൻ അടുക്കളയിലെത്തിയപ്പോൾ, നിറയെ പാത്രങ്ങൾ കഴുകാതെ കിടക്കുന്നു. ചായപ്പാത്രവും കറിക്കലവുമെല്ലാം പരന്നു കിടക്കാണ്‌. ഒട്ടും സുഖമില്ലാത്ത കാഴ്ചയാണത്‌. ‌എന്നാലും സാരമില്ല. അയാളുടെ മനസ്സിൽ കനിവ്‌ പൊടിഞ്ഞു. അവളുടെ മനസ്സിന്റെ വിഷമം കൊണ്ടായിരിക്കാം, ഒന്നും കഴുകാൻ തോന്നിയിട്ടുണ്ടാവില്ല. എന്നിട്ടുമവൾ ഭക്ഷണമൊക്കെ ഒരുക്കിയില്ലേ. ഓരോ പാത്രങ്ങളും അദ്ദേഹം തന്നെ എടുത്ത്‌ കഴുകിവെച്ചു. അടുക്കള തുടച്ച്‌ വൃത്തിയാക്കുന്നത്‌ കണ്ടാണ്‌ അവളങ്ങോട്ടു വന്നത്‌. ഒരു നിമിഷം മുഖാമുഖം നോക്കി.‌ രണ്ടാളും പുഞ്ചിരിച്ചു. ‘സാരല്ലെടോ. എന്റെ വാക്കുകൾ ഇന്നലെ വല്ലാതെ വേദനിപ്പിച്ചല്ലേ. ക്ഷമിക്കൂ.’ അയാൾ പറഞ്ഞു .
'ഹേയ്‌. അല്ല. ഞാനങ്ങനൊന്നും പറഞ്ഞത്‌ ശരിയായില്ല.’ തെളിഞ്ഞൊരാകാശമായി അവൾ പിന്നിലൂടെ കെട്ടിപ്പിടിച്ചു. പ്രിയപ്പെട്ടവളെ തലോടിയപ്പോൾ അയാളുടെ മുഖവും വിങ്ങി. പിണക്കത്തിന്റെ അഴുക്ക്‌ രണ്ടാളും ഒരുമിച്ചു കഴുകിക്കളഞ്ഞു. അവരുടെ സ്നേഹം പിന്നെയും ഒഴുകി...

🔅 ഇനി രണ്ടു കൂട്ടുകാരുടെ കഥയുണ്ട് ; രണ്ടാളും ഒരുമിച്ചുറങ്ങുമ്പോൾ ഒരാൾക്ക്‌ പാട്ട്‌ കേൾക്കണം. പാട്ടുകൾ അവന്‌‌ ജീവനാണ്‌‌. പക്ഷേ, മറ്റേയാൾക്കത്‌ കേൾക്കുന്നതേ ഇഷ്ടമല്ല. ഒരു രാത്രിയിൽ, പാട്ടു കേട്ടുറങ്ങുന്ന ചങ്ങാതിയെ അയാൾ ഷൂ‌ കൊണ്ടെറിഞ്ഞു. ഏറു കിട്ടിയിട്ടും അവൻ പ്രതികരിച്ചില്ല. ദേഷ്യം മൂത്ത്‌ രണ്ടാമത്തേതും എറിഞ്ഞു. അപ്പോഴുമില്ല പ്രതികരണം. പക്ഷേ, പിറ്റേന്ന് രാവിലെയാണ്‌ അവൻ ശരിക്കും പ്രതികരിച്ചത്‌‌. രണ്ട്‌ ഷൂസും നന്നായി പോളിഷ്‌ ചെയ്ത്‌ ചങ്ങാതിക്ക്‌ കൊടുത്തു. ആ സ്നേഹക്കൈനീട്ടത്തിനു മുന്നിൽ മൗനിയായി പുഞ്ചിരിക്കാനേ അയാൾക്ക്‌ കഴിഞ്ഞുള്ളൂ.

🔅ജീവിതത്തേയും ബന്ധങ്ങളേയും അലങ്കരിക്കേണ്ടത്‌ കരുണയുടെ കരുതലോടെയാണ്‌. പിന്നെയും പിന്നെയും മാപ്പുകൊടുത്തും, സഹനം കൊണ്ട്‌ അത്ഭുതപ്പെടുത്തിയും കൂടെയുള്ള മനുഷ്യരിൽ ഓർമകളുടെ പൂവിത്തെറിയണം...നമ്മൾ കൊട്ടിയടച്ച വാതിലുകളില്ലേ, അതൊക്കെ തുറന്നിടണം.
അപ്പോൾ ജീവിതം ആയിരം വോട്ട്‌ പ്രകാശത്തിൽ തിളങ്ങുന്നത്‌ നമുക്ക്‌ കാണാം .

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


Powered by Blogger.