മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്
മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്. പാരമ്പര്യം മുതല്‍ ചില മരുന്നുകളുടെ ഉപയോഗം വരെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. യഥാര്‍ത്ഥ പ്രശ്നം എവിടെയാണെന്ന് കണ്ടെത്തി വേണ്ട സമയത്ത് ചികിത്സിക്കുക എന്നതും മുടി കൊഴിച്ചില്‍ തടയുന്നതില്‍ പ്രധാനമാണ്. ഇതോടൊപ്പം ചെറിയ കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധിക്കുന്നതും മുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതില്‍ പ്രധാനമാണ്. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നിലധികം പോഷകങ്ങള്‍ ഉണ്ട്. ബയോട്ടിന്‍ (ഒരു ബി വിറ്റാമിന്‍), വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, അയണ്‍, വിറ്റാമിന്‍ സി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ. ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് പ്രധാനമാണെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പറയുന്നു. ഹൃദയം, തലച്ചോറ്, ചര്‍മ്മം തുടങ്ങിയ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. വിശപ്പ് നിയന്ത്രിക്കാനും പേശികളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിനുള്ള കഴിവ് ഈ പോഷകത്തിനുണ്ട്. ഒരു മുട്ട, ഒരു അര കപ്പ് ചെറുപയര്‍, അല്ലെങ്കില്‍ ഒരു പിടി അണ്ടിപ്പരിപ്പ് എന്നിവയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായി തുടരാന്‍ വിറ്റാമിന്‍ ബി ശരീരത്തിന് വളരെ പ്രധാനമാണ്. പാല്‍, മുട്ട, ചീസ്, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ച ഇലക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ മുടിവളര്‍ച്ചയ്ക്ക് മാത്രമല്ല എല്ലുകളുടെയും നഖങ്ങളുടെയും ബലത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ ഡി ചര്‍മ്മവും മുടിയും ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. പുതിയ രോമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്കു വഹിക്കുന്നു. മുടി വേരുകള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് മുടി കൊഴിച്ചിലിനെ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളവയാണ് വിറ്റാമിന്‍ ഡി. മത്സ്യം, മീന്‍ എണ്ണ, സാല്‍മണ്‍, സോയ പാല്‍, മുട്ട, കൂണ്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി നല്‍കുന്ന ഭക്ഷണങ്ങളാണ്.