കോവിഡ് മാറിയ ഉടനെയുള്ള മുടി കൊഴിച്ചിൽ
കോവിഡ് മാറിയയുടനെയോ രണ്ടോ മൂന്നോ മാസം കഴിഞ്ഞോ ആണു ചിലരില്‍ കടുത്ത മുടികൊഴിച്ചില്‍ തുടങ്ങുന്നത്. ഒരു ദിവസം മുന്നൂറും നാനൂറും മുടികള്‍ കൊഴിയും. കോവിഡ് ശരീരത്തില്‍ ഉണ്ടാക്കുന്ന ഇന്‍ഫ്ലമേഷന്‍ ഇതിന് ഒരു കാരണമാണ്. മാനസിക സമ്മര്‍ദം, വിറ്റാമിന്‍ ഡിയുടെയും അയണിന്റെയും കുറവ്, ഹീമോഗ്ലോബിന്‍ കുറഞ്ഞുള്ള വിളര്‍ച്ച ഇവയെല്ലാം ഒപ്പം മുടിയില്‍ പിടിത്തമിടും. അതുകൊണ്ടു രോഗബാധിതരായിരിക്കുമ്പോഴും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും മടി കാണിക്കരുത്. ലോക്ഡൗണും രോഗകാലവും വര്‍ക് ഫ്രം ഹോമും ഒക്കെ കാരണം ആളുകള്‍ വെയിലേല്‍ക്കുന്നതു കുറഞ്ഞു. അതോടെ വിറ്റാമിന്‍ ഡിയുടെ അഭാവം വ്യാപകമായി. അനീമിയയും കൂടുതലായി കാണുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതിനു കാരണം ഭക്ഷണരീതിയിലെ പ്രശ്നങ്ങള്‍ തന്നെ. ജങ്ക് ഫുഡിനെ പാടേ മറന്നു പ്രകൃതിയോടും പോഷകങ്ങളോടും ചേര്‍ന്നുനില്‍ക്കുക. മീനും ധാരാളം കഴിക്കാം. അയണിന്റെ അളവു കൂട്ടാന്‍ കൂടാന്‍ ഈന്തപ്പഴവും നെല്ലിക്കയും സഹായിക്കും. വിറ്റാമിന്‍ ഡി നമ്മളെ വിട്ടിറങ്ങിപ്പോകാതിരിക്കാന്‍ രാവിലെ വെയിലേറ്റുള്ള പ്രഭാതനടത്തം പതിവാക്കാം. നടക്കാന്‍ പോകാത്തവര്‍ ഇളവെയില്‍ കൊണ്ടു ചെടികള്‍ക്കു വെള്ളമൊഴിക്കുകയെങ്കിലും ചെയ്യണം. മുടികൊഴിച്ചിലിനു മള്‍ട്ടിവിറ്റാമിനുകള്‍ ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണു നല്‍കുന്നത്. കോവിഡിനുശേഷം കുറച്ചുകാലത്തേക്കെങ്കിലും മുടിയില്‍ കെമിക്കല്‍ ട്രീറ്റ്മെന്റ് ചെയ്യാത്തതാണു നന്ന്.