ഒക്ടോബര്‍ 15 ലോക വിദ്യാര്‍ഥി ദിനം എ.പി.ജെ അബ്ദുള്‍ കലാം ജന്മദിനം

 

അറിവരങ്ങ് ഒക്ടോബർ 15 ലോക വിദ്യാര്‍ഥി ദിനം, എ.പി.ജെ അബ്ദുള്‍ കലാം ജന്മദിനം ,Arivarang, world students day, Dr. APJ Abdul Kalam birth day, october 15


ഒക്ടോബര്‍ 15 ലോക വിദ്യാര്‍ഥി ദിനം
എ.പി.ജെ അബ്ദുള്‍ കലാം ജന്മദിനം 


അഗ്നിച്ചിറകുള്ള മനുഷ്യന്‍

-- ഷാക്കിര്‍ തോട്ടിക്കല്‍ --

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ രാമേശ്വരത്തെ കൊച്ചുവീട്ടിലാണ് 1931 ഒക്ടോബർ 15 ന് അബ്ദുൽ കലാം ജനിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ചെറുബോട്ടുകൾ വാടകയ്ക്ക് കൊടുത്തിരുന്ന അവുൽ ഫക്കീർ ജൈനുലാബിദീന്റെയും ആഷിയാമ്മയുടെയും ഏഴു മക്കളിൽ ഏറ്റവും ഇളയയാൾ. ദൈവഭക്തനായ പിതാവ് പിതാവ് 'ദൈവത്തിന്റെ ദാസൻ' എന്നർത്ഥം വരുന്ന അബ്ദുൽകലാം എന്ന പേരാണ് ഇളയപുത്രന് നൽകിയത്.
കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ പിതാവായിരുന്നു കലാമിന്റെ ആദ്യത്തെ വഴികാട്ടി. വലിയ കാര്യങ്ങൾ ലളിതമായി അദ്ദേഹം കൊച്ചു കലാമിന് പറഞ്ഞുകൊടുത്തു. ചെറുപ്പത്തിൽ കലാമിനെ സ്വാധീനിച്ച മറ്റൊരു വ്യക്തിയാണ് അഹമ്മദ്‌ ജലാലുദ്ധീൻ എന്ന കോൺട്രാക്ടർ. പത്താം വയസില്‍ ശിവസുബ്രഹ്മണ്യ അയ്യർ എന്ന ശാസ്ത്ര അധ്യാപകന്റെ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കലാം ഊർജ്ജതന്ത്രത്തെ സ്നേഹിച്ചു തുടങ്ങി. ആകാശസ്വപ്നം കണ്ട് നടന്ന പയ്യൻ അങ്ങനെ ബഹിരാകാശത്തോളം വളർന്നു.


കലാമിന്റെ വഴികാട്ടികള്‍

കാലം പിന്നെയും കലാമിന് വഴി കാട്ടി കൊണ്ടേയിരുന്നു. ഷ്വാർട്സ് സ്കൂളിലെ പഠനത്തിന് ശേഷം ഇന്റർമീഡിയറ്റിന് ചേർന്ന ട്രിച്ചി സെന്റ് ജോസഫ്സ് കോളേജിൽ കലാമിന്റെ പ്രിയ അധ്യാപകനാമായിരുന്നു ഫാ. ടി. എൻ സെക്യൂറ. ഓരോ വിദ്യാർത്ഥിയുടെയും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിച്ച അദ്ധേഹത്തിന്റെ ക്ഷമയും ദയയും കലാമിനെ ഏറെ ആകർഷിച്ചു.
തന്നെ സ്വാധീനിച്ച വ്യക്തികളിൽ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രൊഫ. സൂര്യനാരായണ ശാസ്ത്രീയെയും കുറിച്ച് കലാം പിൽകാലത്ത് എഴുതിയിട്ടുണ്ട്. ഫിസിക്സ് അധ്യാപകരായിരുന്ന പ്രൊഫ. ചിന്ന ദുരൈ, പ്രൊഫ. കൃഷ്ണമൂർത്തി എന്നീ അധ്യാപകരുടെ ക്ലാസുകൾ കലാമിലെ ശാസ്ത്രത്തെ ഉണർത്തി. ഫിസിക്സ് തന്റെ മേഖലയല്ലെന്ന് മനസ്സിലാക്കിയ കലാമിന് എഞ്ചിനീയറിംഗ് പഠനത്തിന് പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഡ്മിഷൻ ലഭിച്ചു. എന്നാൽ അവിടെ പഠിക്കാനുള്ള പണം കലാമിന്റെ പക്കലില്ലായിരുന്നു. സഹോദരി സുഹറ സ്വന്തം സ്വർണാഭരണങ്ങൾ പണയം വെച്ച് കലാമിന് ആവശ്യമുള്ള പണം നൽകി.



എം ഐ ടി യിൽ

കലാമിനെ ലോകമറിയുന്ന ശാസ്ത്രജ്ഞൻ ആക്കിയതിൽ മുഖ്യ പങ്കു വഹിച്ച സ്ഥാപനമാണ് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. സ്കോളർഷിപ്പിന് അർഹനായിരുന്ന കാലം എയറോനോട്ടിക്കൽഎഞ്ചിനീയറിംഗ് പഠനമാണ് തിരഞ്ഞെടുത്തത്. താഴ്ന്നു പറന്നു ആക്രമണം നടത്താൻ പറ്റിയ ഒരു വിമാനം രൂപകൽപ്പന ചെയ്യുന്നതിന്റെ ദൗത്യം കലാമിനും നാല് സഹപാഠികൾക്കുമായിരുന്നു. ദൗത്യം പൂർത്തിയാക്കിയത് പരിശോധിച്ച് തൃപ്തനാവാത്ത പ്രൊഫ ശ്രീനിവാസൻ എല്ലാം മാറ്റി ചെയ്യാൻ ആവശ്യപ്പെട്ടു. ജോലി പൂർത്തിയാക്കിയില്ലെങ്കിൽ സ്ക്കോളർഷിപ്പ് നിർത്തുമെന്ന ഭീഷണിയും.ഒരു നിമിഷം പോലും പാഴാക്കാതെ കലാം ജോലി തുടങ്ങി.മൂന്നാം ദിവസം പരിശോധനയ്ക്ക് എത്തിയ പ്രൊഫസർ അത്ഭുതപ്പെട്ടു. അത്ര മികച്ച ഡിസൈനായിരുന്നു കാലം സൃഷ്ടിച്ചത്. ബഹിരാകാശ ശാസ്ത്രജ്ഞനിലേക്കുള്ള കലാമിന്റെ കുതിപ്പായിരുന്നു അത്.


'നന്ദി'യുടെ ശില്പി

ഒരു ഹോവർക്രാഫ്റ്റ് നിർമിക്കുക, ബംഗലുരുവിലെ എയ്റോനോട്ടിക്കൽ ഡെവലപ്പ്മെന്റ് എസ്റ്റേബ്ലിഷ്മെന്റിൽ കലാമിനെ കാത്തിരുന്ന ദൗത്യം അതായിരുന്നു. കരയിലും വെള്ളത്തിലും സഞ്ചരിക്കാൻ പറ്റുന്ന വായുവിനെക്കാൾ ഭാരം കൂടിയ ഒരു പറക്കുന്ന യന്ത്രം-അതാണ് ഹോവർക്രാഫ്റ്റ്. കലാമിന്റെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങിയിരുന്നതായിരുന്നു ടീം. നോക്കിപഠിക്കാനാണെങ്കിൽ മുൻമാതൃകകളുമില്ല. എങ്കിലും കലാമും കൂട്ടരും ധൈര്യപൂർവം ആ വെല്ലുവിളി ഏറ്റെടുത്തു. ഘട്ടം ഘട്ടമായി സംഗതികൾ പുരോഗമിച്ചു. പദ്ധതി വിജയിക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നെങ്കിലും കലാമിനെ പൂർണമായി വിശ്വസിച്ച ഒരാളുണ്ടായിരുന്നു. പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോൻ. ഒരു വർഷം കഴിഞ്ഞു പരീക്ഷണശാലയിലെത്തി സംഗതികൾ കണ്ടപ്പോൾ പദ്ധതി വിജയിക്കുമെന്ന് മന്ത്രിക്ക് ഉറപ്പായി.
'നന്ദി' അതായിരുന്നു കലാമും കൂട്ടരും ആ വാഹനത്തിനിട്ട പേര്. പരീക്ഷണപറക്കൽ ദിവസം വന്നു. കൃഷ്ണമേനോൻ കലാമിനൊപ്പം കയറി. സുരക്ഷഭടന്മാർ വിലക്കിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിരിക്കെ കലാം ഹോവർക്രാഫ്റ്റ് പറത്തി.


തുമ്പയിലേക്ക്

ഡോ:വിക്രം സാരാഭായ് അടക്കമുള്ള പ്രഗത്ഭരായിരുന്നു ഇൻകോസ്പാറിലെ ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്നത്. കലാമിന്റെ കഴിവുകൾ മനസ്സിലാക്കിയ അവർ അദ്ദേഹത്തെ എഞ്ചിനീയർ ആയി നിയമിച്ചു. 1962 ൽ തിരുവനന്തപുരത്തെ തുമ്പയിൽ 'ഇൻക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ' സ്ഥാപിക്കാൻ ഇൻകോസ്പാർ തീരുമാനം എടുത്തതോടെ കലാം തുമ്പയിലെത്തി. ഇവിടെ നിന്നാണ് അദ്ദേഹം അന്തരീക്ഷ നിരീക്ഷണത്തിനുള്ള സൗണ്ടിങ് റോക്കറ്റുകളെ കുറിച്ചുള്ള പരിശീലനത്തിനായി നാസയിലേയ്ക്ക് പോയത്. അവിടെയെത്തിയ കലാം വെള്ളക്കാർക്ക് നേരെ വെടിയുതിർക്കുന്ന റോക്കറ്റിന്റെ ചിത്രം കണ്ട് അത്ഭുതപ്പെട്ടുപ്പോയി. ടിപ്പുവിന്റെ 'മൈസൂർ റോക്കറ്റ്' ആയിരുന്നു അത്. ടിപ്പുവിന്റെ നാട്ടുകാരനായതിനാൽ അഭിമാനം തോന്നി.1963 ൽ നാസയിൽ നിന്ന് തിരിച്ചെത്തിയ കലാമിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ആ നവംബറിൽ 'നിക്കി അപ്പാച്ചെ' എന്ന റോക്കറ്റ് വിക്ഷേപിച്ചു.
1968 ല്‍ ഇന്ത്യൻ റോക്കറ്റ് സൊസൈറ്റിയും 1969 ആഗസ്ത് 15 ന് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗാനൈസേഷനും രൂപം കൊണ്ടു. ഇത് കലാമിനും കൂട്ടുകാർക്കും ആവേശം പകർന്നു.


 എസ്.എൽ.വി

     ബഹിരാകാശത്ത് ഉപഗ്രഹം നിർമ്മിക്കുന്നതിന് ഇന്ത്യക്ക് സ്വന്തമായൊരു വാഹനം ആവശ്യമാണെന്ന് വിക്രം സാരാഭായിക്ക് അറിയാമായിരുന്നു. സാറ്റലൈറ്റ് വെഹിക്കിൾ (എസ്എൽവി) എന്ന ഉപഗ്രഹ വിക്ഷേപണി നിർമിക്കാൻ ഐഎസ്ആർഒ പദ്ധതിയിട്ടു. ഈ പദ്ധതിക്കായി 275 ഗവേഷകരെ കലാം ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 50 പേരെ മാത്രമായിരുന്നു. പലപ്പോഴും ഓഫീസിൽ തന്നെയായിരുന്നു കലാമിന്റെ ഉറക്കം. സാരാഭായി സ്‌പേസ് സെന്ററിലും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലുമൊക്കെയായി തയ്യാറെടുപ്പുകൾ പുരോഗമിച്ചു. 1974 ജൂലൈ 24 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനത്തോടെ രാജ്യം ആവേശത്തിലായി. അങ്ങനെ ആ ദിവസം വന്നെത്തി.1979 ആഗസ്ത് 10 ന് രാവിലെ 7.58 ശ്രീഹരികോട്ടയിൽ നിന്ന് എസ്എൽവി കുതിച്ചുയർന്നെങ്കിലും 317 സെക്കൻഡിന് ശേഷം അതിന്റെ നിയന്ത്രണം നഷ്ടമായി. തോറ്റു പിന്മാറാൻ കലാം ഒരുക്കമായിരുന്നില്ല. ഒരു വർഷത്തിന് ശേഷം 1980 ജൂലൈ 28ന് എസ്എൽവി 3 വിജയകുതിപ്പ് നടത്തി. സ്‌പേസ് ക്ലബ്ബിലേക്കുള്ള ഇന്ത്യയുടെ പ്രവേശനമായിരുന്നു അത്.


ക്ലാസ്സ്‌ മുറിയിൽ നിന്ന് രാഷ്ട്രപതിഭവനിലേക്ക്

     ഡോ അബ്ദുൽ കലാം പ്രധാനമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവായിരുന്ന കാലം. ഒരിക്കൽ അണ്ണാ സർവകലാശലയിൽ ക്ലാസ്സ്‌ എടുത്തുക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് പ്രധാനമന്ത്രി വാജ്പേയിയുടെ ഫോൺ വന്നു. അദ്ദേഹം കലാമിനോട് ആവശ്യപ്പെട്ടത് ഇന്ത്യയുടെ രാഷ്‌ട്രപതി ആവുക എന്നതായിരുന്നു. തീരുമാനം എടുക്കാൻ ഒരു മണിക്കൂർ സമയം ചോദിച്ച കലാം തന്റെ സുഹൃത്തുക്കളോടും വിദ്യാർത്ഥികളോടും ഈ കാര്യം പങ്കു വെച്ചു. ആ പദവി ഏറ്റെടുക്കണം എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അങ്ങനെ 2002 ജൂലൈ 19 ന് കെ ആർ നാരായണന്റെ പിൻഗാമിയായി ഡോ. എ. പി. ജെ അബ്ദുൽ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റു. എതിരാളിയായി മത്സരിക്കാൻ മലയാളിയായ ക്യാപ്റ്റൻ ലക്ഷ്മിയുമുണ്ടായിരുന്നു. രാഷ്ട്രപതിയാവുന്ന ആദ്യത്തെ ശാസ്ത്രജ്ഞനും അവിവാഹിതനുമായിരുന്നു കലാം. മറ്റു രാഷ്ട്രപതിമാരിൽ നിന്നും വ്യത്യസ്തൻ. രാഷ്‌ട്രപതി ഭവനത്തിന്റെ വാതിലുകൾ അദ്ദേഹം സന്ദർശകർക്കായി തുറന്നിട്ടു.2017 ജൂലൈ 27 ന് വൈകിട്ട് 6:30ന് ഷില്ലോങ്ങ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രഭാഷണം നടത്തുന്നതിനിടെ കുഴഞ്ഞുവീണാണ് കലാം ഈ ലോകത്തോട് വിട പറഞ്ഞത്.


Powered by Blogger.