കഥയറിയാതെ ആട്ടം കണ്ടാല്‍

Arivarang malayalam story, if see something without knowing, അറിവരങ്ങ് മലയാളം കഥ, കഥയറിയാതെ ആട്ടം കണ്ടാല്‍


സ്റ്റേജില്‍ മത്സരങ്ങള്‍ നടക്കുകയാണ്. മത്സരവേദിയില്‍ കുച്ചുപ്പുടി മത്സരമാണ്. കാണികള്‍ അത് നന്നായി ആസ്വദിക്കുന്നുമുണ്ട്. പക്ഷേ, മുന്നിലിരിക്കുന്ന ഒരാള്‍ മാത്രം ഇടയ്ക്കിടെ എഴുന്നേററ് നിന്ന് ഇതെന്താണ്, ഇവിടെ നടക്കുന്നത് എന്ന് ചോദിക്കുന്നു. ആളുകള്‍ അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു ബഹളം വെയ്ക്കും. വീണ്ടും പലതവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ ജനം അയാളെ കയ്യേറ്റം ചെയ്യാന്‍ ഒരുങ്ങി. ഉടന്‍ അയാള്‍ പറഞ്ഞു: നിങ്ങള്‍ക്ക് വെറുതെ കണ്ടിട്ട് എഴുന്നേറ്റ് പോയാല്‍ മതി. ഞാന്‍ ഈ മത്സരത്തിന്റെ വിധികര്‍ത്താവാണ്. ഇതെന്താണ് എന്നറിയാതെ എങ്ങിനെയാണ് മാര്‍ക്കിടുന്നത്? കഥയറിയാതെ ആട്ടം കണ്ടാല്‍ രണ്ടു ഗുണങ്ങളുണ്ട്. ഒന്ന്: എന്തു വിമര്‍ശനവും ഉന്നയിക്കാം. രണ്ട്: ആടുന്നവരുടെ വൈഷമ്യങ്ങളെക്കുറിച്ച് ഒരു വേവലാതിയും വേണ്ട. കഥയറിഞ്ഞു തുടങ്ങിയാല്‍ കാണുന്നവര്‍ക്കൊന്നും വായ് തുറക്കാനാകില്ല. എന്താണെന്നോ എന്തുകൊണ്ടെന്നോ അറിയാന്‍ ശ്രമിക്കാതെ നടത്തുന്ന അധിക്ഷേപ ശരങ്ങളുടെ മുനയേറ്റ് അവതരണം പൂര്‍ത്തിയാക്കാന്‍ ആകാതെ മടങ്ങുന്ന എത്രയോ ആളുകളുണ്ട്. കാണികളുടെ ചിന്ത തങ്ങളുടെ ഇരിപ്പിടത്തെക്കുറിച്ച് മാത്രമായിരിക്കും. ദര്‍ശനസുഖമുള്ളത് എന്തും അവര്‍ ആസ്വദിക്കും. പ്രതീക്ഷിക്കാത്ത എന്തെങ്കിലും സംഭവിച്ചാല്‍ ആ നിമിഷം അവര്‍ എതിര്‍സ്വരം ഉന്നയിച്ചുതുടങ്ങും. അവതരിപ്പിക്കുന്ന അവസ്ഥയെക്കുറിച്ച് അവര്‍ക്ക് അറിയുകപോലും വേണ്ട. ചില പൊതു മര്യാദകള്‍ നിരൂപകര്‍ക്കും ബാധകമാണ്. സൃഷ്ടിപരമായ കാര്യങ്ങളെക്കുറിച്ചുമാത്രം സംസാരിക്കുക. സംസാരിക്കുന്നവയെക്കുറിച്ച് അറിവുണ്ടായിരിക്കുക. കഥയറിഞ്ഞ് ആട്ടംകാണാന്‍ നമുക്കും ശീലിക്കാം.



Powered by Blogger.