ആരും എല്ലാ കാര്യങ്ങളും ഒരുപോലെ ചെയ്യാന്‍ ജന്മമെടുത്തവരല്ല
തന്റെ മകനെയും കൊണ്ട് രാജാവ് ഗുരുവിന്റെ അടുത്തെത്തി. മകന്‍ വളരെ മിടുക്കനാണെന്നും അതുകൊണ്ട് തന്നെ ഗുരുവിനറിയുന്ന എല്ലാവിദ്യകളും മകനെ ഒരുമിച്ചു പഠിപ്പിക്കണമെന്നതായിരുന്നു രാജാവിന്റെ ആവശ്യം. ഗുരു പറഞ്ഞു: ഇവിടത്തെ രീതി വ്യത്യസ്തമാണ്. ഏതു വിദ്യയാണോ ഒരാള്‍ക്ക് കൂടുതല്‍ വഴങ്ങുന്നത് അതില്‍ അയാള്‍ക്ക് പരിശീലനം നല്‍കി മിടുക്കനാക്കുക. ഈ മറുപടി രാജാവിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചു. ഗുരു മകനോട് പറഞ്ഞു. അവിടെ ഓടിക്കളിക്കുന്ന നാല് മുയലിനെയും പിടിച്ചുകൊണ്ടുവരിക എന്ന്. കുറെ നേരം ശ്രമിച്ചെങ്കിലും അവനതിന് സാധിച്ചില്ല. അപ്പോള്‍ ഗുരു പറഞ്ഞു: അതില്‍ ഒരു മുയലിനെ മാത്രം പിടിച്ചുകൊണ്ടുവരിക. അപ്പോള്‍ കുട്ടി വളരെ വേഗം തന്നെ ഒരു മുയലിനെ പിടിച്ചു. ഗുരു രാജാവിനോട് പറഞ്ഞു: ഇതു കൊണ്ടാണ് വിദ്യയും ഒന്നുമതി എന്ന് പറഞ്ഞത്. പലതിലെ മേന്മയേക്കാള്‍ ഒന്നിലെ വൈദഗ്ദ്യമാണ് പ്രതിഭ. എല്ലാറ്റിലും ഒരുപോലെ വൈശിഷ്ട്യം പുലര്‍ത്താന്‍ ആര്‍ക്കാണ് കഴിയുക. എല്ലാ വിഷയങ്ങള്‍ക്കും ഒരുപോലെ മികവ് തെളിയിക്കുന്നവര്‍ക്ക് മാത്രമാണ് അംഗീകാരത്തിന് അര്‍ഹത എന്ന വിദ്യാലയ സമ്പ്രദായം പോലും ഒരാളുടെ തനതു മികവിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകുന്നില്ലേ.. പിറകില്‍ നില്‍ക്കുന്ന മേഖലകള്‍ക്കു വേണ്ടിയുള്ള പരിഹാര കര്‍മ്മങ്ങള്‍ക്കു ചെലവഴിക്കുന്നതിന്റെ പാതി സമയവും പണവും മതി മുന്നില്‍ നില്‍ക്കുന്ന മേഖലകളിലെ വിദഗ്ധപരിശീലനത്തിന്. ആരും എല്ലാ കാര്യങ്ങളും ഒരുപോലെ ചെയ്യാന്‍ ജന്മമെടുത്തവരല്ല. എല്ലാവര്‍ക്കും തനതായ നിയോഗങ്ങളുണ്ടാകും. അത് കണ്ടെത്താനും അതിലേക്ക് വഴിനടക്കാനും കഴിയുന്നവര്‍ക്ക് വിജയത്തിലേക്കുള്ള വഴി എളുപ്പമാവുക തന്നെ ചെയ്യും.