ശിശുദിനം (നവംബര്‍ 14)

 
ശിശുദിനം (നവംബര്‍ 14), Childrense day (November 14)
 

ചാച്ചാ നെഹറു


-- ഷാക്കിര്‍ തോട്ടിക്കല്‍ --


നമ്മുടെ രാജ്യത്തിന്‍റെ ആദ്യത്തെ പ്രധാന മന്ത്രിയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. നെഹ്റു കുടുംബം കാശ്മീരിൽ നിന്നും വന്നു ആഗ്രയിൽ താമസമുറപ്പിച്ചവരായിരുന്നു. ആ കുടുംബത്തിൽ 1889 നവംബർ 16നാണ് ജവഹർലാൽ നെഹ്റു ജനിച്ചത്. പിതാവ് മോതിലാൽ നെഹ്റു. മാതാവ് സ്വരൂപ് റാണി.. 

മോത്തിലാൽ നെഹ്റു മികച്ച വക്കീലായിരുന്നു. പാശ്ചാത്യ രീതികളിൽ ആയിരുന്നു അദ്ദേഹത്തിനു താൽപര്യം. ബ്രിട്ടീഷുകാർ ധാരാളമായി താമസിക്കുന്ന പ്രദേശത്ത് അദ്ദേഹം ഒരു രമ്യഹർമ്മ്യം പണികഴിപ്പിച്ചു. അതിന്റെ പേരാണ് ആനന്ദഭവനം. കൊട്ടാര സദൃശ്യമായ ഈ ഭവനത്തിലാണ് ജവഹർലാൽനെഹ്റു തന്റെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത്. ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ അന്തരീക്ഷത്തിലാണ് ജവഹർലാൽനെഹ്റു വളർന്നത്. അധ്യാപകരെയും ആയ മാരെയും വീട്ടിൽ ഏർപ്പെടുത്തിയായിരുന്നു പഠനം എന്നതിനാൽ സ്കൂളുകളിൽ പോകേണ്ടി വന്നിരുന്നില്ല. സ്വന്തം പ്രായത്തിലുള്ള മറ്റു കുട്ടികളുമായി ഇടപഴകാൻ അവന് കഴിഞ്ഞിരുന്നില്ല. ജവഹർലാലിന്റെ ഒരേയൊരു ചങ്ങാതി, അച്ഛന്റെ ഓഫീസിലെ ഗുമസ്തൻ ആയ മുൻഷി മുബാറക് അലി മാത്രമായിരുന്നു. അദ്ദേഹം കഥ പറയുന്നതിൽ മിടുക്കനായിരുന്നു. പുരാണ അറേബ്യൻ കഥകളും രാജാക്കന്മാരുടെ വീരസാഹസിക കഥകളും അദ്ദേഹം ജവഹർലാലിന് പറഞ്ഞുകൊടുത്തിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലെയും സംഭവങ്ങൾ അറിയാൻ ജവഹർ ചെറുപ്പം മുതലേ പത്രം വായിക്കുന്നത് ശീലമാക്കിയിരുന്നു.. 

പന്ത്രണ്ടാമത്തെ വയസ്സിൽ ജവഹർലാലിന് ഫെഡിനെന്റ് ബ്രുക്കസ് എന്ന ഇംഗ്ലീഷുകാരനെ ട്യൂട്ടറായി ലഭിച്ചു. അദ്ദേഹമാണ് ജവഹർലാലിനെ വായനയിലും ഇംഗ്ലീഷ് കവിതകളിലും ആകൃഷ്ടനാക്കിയത്. ഒരു പരീക്ഷണശാലയും അദ്ദേഹം അവിടെ തയ്യാറാക്കിയിരുന്നു. ജവഹർ ലാൽ പതിനഞ്ചാം വയസ്സിൽ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ഹരോവിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിലാണ് പഠിച്ചത്. ഒരു വർഷത്തിനുശേഷം കാം ബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു പഠിച്ചു. പിന്നീട്, പഠനശേഷം ലണ്ടനിലെ ഇൻഡ് ഓഫ് കോർട്ടിൽ അംഗത്വം സ്വീകരിച്ചു ഒരു ബാരിസ്റ്ററായി തീർന്നു. ഏഴുവർഷത്തെ ഇംഗ്ലണ്ട് ജീവിതത്തിനുശേഷം 1912ൽ അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തി. അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് കൂടുതൽ താല്പര്യം രാഷ്ട്രീയത്തിലായിരുന്നു. 27ആം വയസ്സിൽ ജവഹർലാൽ കമല കൗളിനെ വിവാഹംചെയ്തു.. 


 രാഷ്ട്രീയത്തിലേക്ക്

 1919 ഏപ്രിൽ 13ന് അമൃതസറിലെ ജാലിയൻവാലാബാഗിൽ, 379 സാധാരണക്കാരെ ബ്രിട്ടീഷ് പട്ടാളം കൂട്ടക്കൊല ചെയ്ത സംഭവം ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്രീയ പ്രവേശത്തിന് കാരണമായി... 

1920ൽ ജവഹർലാൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കുചേർന്നു. വയലിലും തൊഴിൽ ശാലകളിലും പണിയെടുക്കുന്നവരുമായി ഉറ്റബന്ധം സ്ഥാപിക്കാനും തുടങ്ങി..

തൊഴിലാളികളുടെ നേരെയുള്ള ചൂഷണത്തിനും പീഡനത്തിനുമെതിരെ അദ്ദേഹം ശബ്ദമുയർത്തി. അവരോടൊപ്പം താമസിച്ചും ഗ്രാമങ്ങൾതോറും കാളവണ്ടിയിലും സൈക്കിളിലും കാൽനടയാത്രയായും യാത്ര ചെയ്തും അവരുടെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കി. ഭൂവുടമകൾ കൃഷിക്കാരെ ഏതെല്ലാം വിധത്തിൽ ചൂഷണം ചെയ്യുന്നുവെന്ന് അദ്ദേഹം നേരിട്ട് അറിഞ്ഞു. മോത്തിലാൽ നെഹ്റുവും രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും മഹാത്മാഗാന്ധിയുടെ അനുയായി തീരുകയും ചെയ്തു. അദ്ദേഹം അഭിഭാഷക ജോലി ഉപേക്ഷിച്ചു. പാശ്ചാത്യ ജീവിതരീതി മാറ്റി... 

1921 ഡിസംബറിൽ ജവഹർലാൽ നെഹ്റുവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും നിരവധി സ്വാതന്ത്ര്യസമര സേനാനികളെയും ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തു. അങ്ങനെ പല തവണ ജയിൽവാസം അനുഭവിക്കുന്ന കാലങ്ങളിലാണ് അദ്ദേഹം തന്റെ ഗ്രന്ഥങ്ങളെല്ലാം തന്നെ രചിച്ചതും. ഇന്ത്യയെ കണ്ടെത്തൽ എന്ന പ്രശസ്തമായ ആത്മകഥയും അതിൽ പെടുന്നു. ജയിൽവാസ കാലത്ത് നെഹ്റു മകൾ ഇന്ദിരക്ക് അയച്ച കത്തുകൾ അച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പുസ്തകമായി..

1930 ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ജവഹർലാൽ നെഹ്റു അനുയായികളോടൊത്ത് ഡൽഹിയിലേക്ക് യാത്ര തിരിക്കുകയും ഉപ്പുനിയമം ലംഘിക്കുകയും ചെയ്തു. 

1931 ജനുവരിയിൽ പിതാവ് രോഗബാധിതനായി ഏതാനും ദിവസങ്ങൾക്കുശേഷം മരിക്കുകയും ചെയ്തു. പിതാവിന്റെ മരണശേഷം ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി നെഹ്റുവിനെയും പിടികൂടി. 1936 ൽ ഭാര്യ മരിച്ചു. അച്ഛന്റെയും അമ്മയുടെയും പത്നിയുടെയും വേർപാട് അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. 1942ൽ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനം നടത്തി. ഗാന്ധിജിയോടൊപ്പം നെഹ്റുവും തുറങ്കിലടയ്ക്കപ്പെട്ടു.. 


 പ്രധാനമന്ത്രി

1947 ഓഗസ്റ്റ് 15ന് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1948 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റ് മരിച്ചു. ഗാന്ധിജിയുടെ വേർപാട് അദ്ദേഹത്തിന് താങ്ങാനാവാത്തതായിരുന്നു... 

ബ്രിട്ടീഷ് ആധിപത്യകാലത്തുണ്ടായ ശാപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക, ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട ജലസേചന പദ്ധതികൾ സ്ഥാപിക്കുക, ഉരുക്കിന്‍െറ ഉല്പാദനം വർദ്ധിപ്പിച്ച് ഇന്ത്യയിൽ വൻതോതിൽ വ്യവസായങ്ങൾ കെട്ടിപ്പടുക്കുക എന്നിങ്ങനെ ഇന്ത്യയെ എല്ലാ രംഗത്തും അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിത്തുടങ്ങി. വൈദ്യുത ജലസേചന പദ്ധതികൾക്കും അണക്കെട്ടുകൾക്കും അദ്ദേഹം വലിയ പ്രാധാന്യമാണ് കൊടുത്തിരുന്നത്. നമ്മുടെ പുതിയ ദേവാലയങ്ങൾ എന്നാണ് അദ്ദേഹം വിളിച്ചത്. 

ശാസ്ത്രീയ സാങ്കേതിക രംഗങ്ങളിലും ഇന്ത്യ മുൻപന്തിയിൽ എത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി പരീക്ഷണശാലകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിച്ചു. ധാരാളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിന്റെ നാനാഭാഗത്തും രൂപംകൊണ്ടു. കൂടുതൽ സർവ്വകലാശാലകൾ സ്ഥാപിക്കപ്പെട്ടു

നെഹ്റുവിന്റെ നേതൃത്വത്തിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായ ആധുനിക ഇന്ത്യ രൂപപ്പെട്ടു. എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്ന ഒരു ഭരണഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം എല്ലാ ശ്രമവും നടത്തി. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം എന്നിങ്ങനെ ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്കരിച്ചു. തൊഴിൽമേഖലയിൽ സ്ത്രീകൾക്കും തുല്യവേതനം നടപ്പാക്കി. ലോകരാജ്യങ്ങളുമായി നെഹ്റു ഉറ്റബന്ധം പുലർത്തി. റഷ്യൻ ചേരിയിലെ ആംഗ്ലോ അമേരിക്കൻ ശൈലിയിലോ ചേരാതെ ചേരിചേരാനയം അദ്ദേഹം സ്വീകരിച്ചത്. അയൽരാജ്യങ്ങളുമായുള്ള എല്ലാ തർക്കങ്ങളും കൂടിയാലോചന വഴി പരിഹരിക്കാമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.. 

രണ്ട് ദശാബ്ദകാലത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽനെഹ്റു രാജ്യ പുരോഗതിക്കായി യത്നിച്ചു. അദ്ദേഹം ജനങ്ങളെ സ്നേഹിച്ചപോലെ ജനങ്ങളും അദ്ദേഹത്തെ സ്നേഹിച്ചു. സമുന്നത ബഹുമതിയായ ഭാരതരത്നം നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 1964 മെയ് 27 ന് നാം ചാച്ചാജി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ജവഹർലാൽ നെഹ്റു അന്തരിച്ചു.



 

Powered by Blogger.