ലോകമുഴുവന്‍ നേടിയാലും സന്തോഷമില്ലെങ്കില്‍ പിന്നെന്തു കാര്യം?
🔅അറിവരങ്ങ് പ്രഭാത ചിന്തകൾ 🔅
സന്തോഷം നമ്മോടൊപ്പതന്നെയുണ്ട്. അത് നമ്മുടെ മനസ്സിലാണ് വളരേണ്ടത്. ലോകമുഴുവന്‍ നേടിയാലും സന്തോഷമില്ലെങ്കില്‍ പിന്നെന്തു കാര്യം?
🔅 പ്രായം ചെല്ലുംതോറും ഏകാഗ്രത നഷ്ടപ്പെടുന്നുവെന്ന് ചിലര്‍ പരാതി പറയാറുണ്ട്. നിങ്ങള്‍ക്കൊരു ടി.വി. സീരിയല്‍ കാണാന്‍ പ്രശ്‌നമില്ലല്ലോ. കഥകള്‍ കേള്‍ക്കാനും വായിക്കാനും ഇഷ്ടമാണ്. അത്യാവശ്യം ഏതെങ്കിലുമൊരു വാഹനം ഓടിക്കാന്‍ കഴിയുന്നില്ലേ? സൂചിയില്‍ നൂലുകോര്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ? പിന്നെ, ആരു പറഞ്ഞു, നിങ്ങള്‍ക്ക് ഏകാഗ്രത നഷ്ടപ്പെട്ടുവെന്ന്? നമുക്കിതു മാറ്റിപ്പറയാം. താല്പര്യമില്ലാത്ത കാര്യങ്ങളില്‍ നിങ്ങള്‍ക്കെന്നല്ല ആര്‍ക്കും ഏകാഗ്രത കിട്ടില്ല. ഏകാഗ്രത കിട്ടണമെങ്കില്‍ നാം ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ നമുക്ക് താല്പര്യമുണ്ടാവണം.
ആഹ്ലാദകരമായ ഒരു ജീവിതം ആഗ്രഹിക്കാത്തവരില്ല. അതിനു വേണ്ടത് സന്തോഷം. എങ്ങനെ സന്തോഷമുണ്ടാകും? അതാര്‍ക്കും ഉണ്ടാക്കിത്തരാവുന്ന ഒന്നല്ലല്ലോ. ആഹ്ലാദം നമ്മില്‍ വന്നുനിറയേണ്ടതാണ്. അത് നിറയ്‌ക്കേണ്ടത് നാമല്ലാതെ മറ്റാരുമല്ല.
സന്തോഷം തേടി നിങ്ങളും ഒരിടത്തും പോകേണ്ട കാര്യമില്ല. സന്തോഷം നമ്മോടൊപ്പം തന്നെയുണ്ട്. അത് നമ്മുടെ മനസ്സിലാണ് വളരേണ്ടത്. ലോകം മുഴുവന്‍ നേടിയാലും സന്തോഷമില്ലെങ്കില്‍ പിന്നെന്തു കാര്യം?
🔅 പണവും പ്രശസ്തിയും വേണ്ടുവോളമുണ്ടായിട്ടും ചിലര്‍ ദുഃഖിതരായി താടിക്ക് കൈയും കൊടുത്ത് ഇരിക്കുന്നു. അതെ, അവര്‍ നേടിയ വിജയങ്ങള്‍ കൊണ്ടു മാത്രം ആഹ്ലാദം കിട്ടണമെന്നില്ല എന്നല്ലേ ഇതിനര്‍ഥം?
അന്തമില്ലാത്ത ആഗ്രഹങ്ങളും തീരാത്ത മോഹങ്ങളുമുള്ള ആര്‍ക്കാണ് ആഹ്ലാദിക്കാന്‍ സമയംകിട്ടുക? ഇടക്ക് നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളെപ്പറ്റി വെറുതെ ഓര്‍ത്തിരുന്നാല്‍, നിങ്ങള്‍ക്ക് വിങ്ങിപ്പൊട്ടിക്കരയാനേ നേരമുണ്ടാകൂ. ദുഃഖിതനായി ചിന്തിച്ച് തലപുണ്ണാക്കാന്‍ എന്തെളുപ്പം!
🔅 സന്തോഷം ഇനി എങ്ങനെയുണ്ടാക്കാനാവുമെന്ന് നമുക്ക് നോക്കാം. വളര്‍ച്ചയുടെ ചവിട്ടുപടികള്‍ കെട്ടിപ്പൊക്കുന്നത് പ്രതീക്ഷകളിലാണല്ലോ. ആ പ്രതീക്ഷകള്‍ക്ക് സന്തോഷത്തിന്റെ മധുരംകൂടി വേണം. ആത്മസംതൃപ്തിയുള്ളവര്‍ക്കേ ശുഭപ്രതീക്ഷകളുണ്ടാകൂ. ചെയ്യുന്ന ഓരോ കാര്യങ്ങളിലും വിജയത്തിന്റെ കൊച്ചു തിളക്കമെങ്കിലും കാണും. ആ തിളക്കം പൊന്‍തിളക്കമായിത്തന്നെ കാണാനാവണം. ആത്മസംതൃപ്തി വരുന്നതോടെ മനസ്സിന് ശാന്തത കൈവരുന്നു. അതൊരു ആന്തരിക താളമാണ്. താളം തെറ്റിയാല്‍ നമ്മുടെ ജീവിതനൃത്തത്തിന്റെ ചുവടുകള്‍ തെറ്റും. കാലിടറി വീഴും.
മനസ്സിലെ പ്രക്ഷുബ്ധത ഒളിച്ചു വെച്ച് ചിരിക്കുന്നവരുണ്ട്, നമുക്കു ചുറ്റും. അവര്‍ ജീവിതം മുഴുവന്‍ നാടകമാടുകയാണ്. നല്ല നടനുള്ള സമ്മാനം അവര്‍ക്ക് കാഴ്ചക്കാര്‍ നല്‍കിയേക്കാം. പക്ഷേ, അവരുണ്ടോ സന്തോഷത്തിന്റെ സുഖം അറിയുന്നു?
ആഹ്ലാദചിത്തനായ ഒരാള്‍ക്ക് ചിരിയുടെ മുഖംമൂടി മുഖത്തു വെച്ചു കെട്ടേണ്ട കാര്യമില്ലെന്ന് മാത്രമല്ല, അവനൊരിക്കലും പൊട്ടിച്ചിരിക്കുകയില്ല. മുഖത്ത് ഒരു പൂപ്പുഞ്ചിരി. കണ്ണുകളില്‍ സംതൃപ്തിയുടെ തിളക്കം. താന്‍ ആഹ്ലാദവാനാണെന്ന് അഭിനയിക്കുന്നവന്റെ ടെന്‍ഷന്‍ അവനില്ലല്ലോ.
🔅 ഒന്നാന്തരം വിഭവങ്ങളുണ്ടായതു കൊണ്ട് രുചികരമായ ഭക്ഷണം ലഭിക്കണമെന്നില്ല. ചേര്‍ക്കേണ്ട ചേരുവകള്‍ ചേര്‍ത്ത്, അത് നന്നായി പാകം ചെയ്താലേ വായില്‍ വക്കാന്‍ പറ്റുന്ന വിധം രസകരമാവൂ. കൃത്രിമമായുണ്ടാക്കുന്ന ആഹ്ലാദപ്രകടനങ്ങള്‍ക്ക് ആയുസ്സില്ല. അതു കള്ളനാണയമാണ്. അത് വ്യാജമാണെന്ന് പെട്ടെന്ന് തിരിച്ചറിയും.
ചിലര്‍ കരുതുന്നത് pleasureഉം happinessഉം ഒന്നാണെന്നാണ്. അത് ഒന്നല്ല. അതൊരിക്കലും കൂട്ടിക്കുഴക്കരുത്. Pleasure എന്നത് enjoyable (ആഹ്ലാദകരമായത്) ആകാം. അതൊരു വികാരമാകാം. Amusement ആകാം. Reaction ആകാം. ഇതെല്ലാം പെട്ടെന്ന് വരുന്നതും അതേ പോലെ തന്നെ തിരിച്ചു പോകുന്നതുമാണ്. അതിന് എപ്പോഴും അല്പായുസ്സാണ്.
Happiness എന്നാലോ? അത് feeling of joy ആണ്. അതൊരു gladness. സംതൃപ്തി. Peace of mind. അതെ, ഒരു contentment. അല്ലെങ്കില്‍ equanimity. Gratification of the heart and soul ആണത്. അതാണ് നമുക്ക് കൈവരിക്കേണ്ടത്. അതുകൊണ്ടാണ് pleasureനു പിന്നാലെ പായരുതെന്ന് ആചാര്യന്മാര്‍ പറയുന്നത്. അതിനു പിന്നാലെ പായുന്നവര്‍ക്ക് happiness കിട്ടില്ല. ഒരിടത്തും അവര്‍ക്ക് സംതൃപ്തിയുണ്ടാവില്ല. എന്നും അസംതൃപ്തരാകാനാണ് അവരുടെ വിധി.
നമുക്ക് വേണ്ടത് എപ്പോഴും ഹാപ്പി. എല്ലായ്‌പ്പോഴും നമ്മുടെ മനസ്സ് സന്തോഷംകൊണ്ട് നിറയട്ടെ. പക്ഷേ, എന്തു ചെയ്യാം? നമ്മുടെ മനസ്സില്‍ ആഹ്ലാദം വന്നുചൊരിയുന്നില്ലല്ലോ. നാം വെറുതെ ആഹ്ലാദവാനാണെന്ന് മറ്റുള്ളവരോട് കള്ളം പറയുന്നു. എപ്പോഴും നമ്മുടെ മുഖത്തുള്ളത് സന്തോഷത്തിന്റെ മുഖംമൂടി മാത്രം. നമുക്കറിയാം, നമ്മുടെ മനസ്സില്‍ സന്തോഷമില്ലെന്ന്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാം. നമുക്ക് നമ്മെത്തന്നെ തെറ്റിദ്ധരിപ്പിക്കാനാവുമോ?
🔅 സന്തോഷം ഒരിക്കലും ഇറക്കുമതിച്ചരക്കല്ല. നമ്മുടെ മനസ്സില്‍ മുളക്കുകയും തഴച്ചു വളരുകയും ചെയ്യണം. അതിനുള്ള വഴികളാണ് ഇനി ...
നമ്മുടെ അയല്‍ക്കാരനു വേണ്ടസമയത്ത് ഒരു കൊച്ചു സഹായം നാം ചെയ്തുവെന്ന് കരുതുക. അയല്‍ക്കാരന് പെട്ടെന്ന് നെഞ്ചുവേദന വന്നു. നമ്മുടെ കാറില്‍ അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. സമയത്തിന് അങ്ങനെ ചെയ്തതു കൊണ്ട് വൈദ്യസഹായം കിട്ടി. അദ്ദേഹത്തിന്റെ ജീവിതം നീട്ടിക്കിട്ടി. ഇത് നിങ്ങള്‍ ചെയ്ത വളരെ പോസിറ്റീവായ ആക്ഷന്‍. അതുകൊണ്ട് പോസിറ്റീവായ റിസള്‍ട്ട് ഉണ്ടായി. അദ്ദേഹത്തിന് സമയത്തു തന്നെ വൈദ്യസഹായം കിട്ടി. മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇനി അയാളെ കാണുമ്പോഴൊക്കെ 'ഞാന്‍ അന്ന് സമയത്തിന് ആശുപത്രിയിലെത്തിച്ചതു കൊണ്ടല്ലേടോ താനിങ്ങനെ നടക്കുന്നതെ'ന്ന് ചോദിച്ചില്ലെങ്കിലും മനസ്സില്‍ ചിന്തിച്ചാലോ? ആ പോസിറ്റീവ് ആക്ഷന്റെ പോസിറ്റീവ് റിസള്‍ട്ട് നമുക്ക് കിട്ടുന്നില്ല. നാം ചെയ്ത സഹായം ഒരു നന്ദിവാക്കിനു വേണ്ടിയാണെന്ന് തോന്നിയാല്‍പ്പോലും അത് നമുക്ക് സന്തോഷം തരില്ല. അതിന്റെ നന്മ അതോടെ വറ്റിപ്പോകുന്നു. ആ ആക്ഷന്‍ ഒരു സെല്‍ഫിഷായി തരംതാഴുന്നു. പിന്നെ, അദ്ദേഹം നന്ദി പറയാത്തതിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ ദുഃഖം.ഈ നന്ദിയില്ലാത്തവനു വേണ്ടിയാണല്ലോ ഞാന്‍ പെട്രോളും സമയവും കത്തിച്ചു കളഞ്ഞതെന്ന് ഓര്‍ക്കുമ്പോള്‍ നഷ്ടബോധം, ദുഃഖം. നമ്മുടെ മനസ്സ് അസ്വസ്ഥമാകുന്നു. മ്ലാനതയുടെ കാര്‍മേഘങ്ങള്‍ ചുറ്റും...അപ്പോൾ നന്ദി പ്രതീക്ഷിക്കുന്നതും നമ്മുടെ ഹാപ്പിനെസ് തടസ്സപ്പെടുത്തും .ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന സഹായം മാത്രം ആണ് നമുക്ക് ഉള്ളിൽ ശാന്തതയും സമാധാനവും തരിക...