ആ രാജ്യത്തെ രാജാവിന് ഒരു അസുഖം പിടിപെട്ടു
ആ രാജ്യത്തെ രാജാവിന് ഒരു അസുഖം പിടിപെട്ടു. അസുഖം മാറുന്നതിനായി പാല്‍ ഉപയോഗിച്ചുള്ള ഒരു ചികിത്സയാണ് കൊട്ടാരം വൈദ്യന്‍ നിര്‍ദ്ദേശിച്ചത്. വിവിധയിനം പശുക്കളുടെ പാല്‍ ആവശ്യമാണ്. വിളംബരം നടത്തി. കൊട്ടാരമുറ്റത്ത് വെച്ചിട്ടുള്ള വലിയ പാത്രത്തില്‍ പാല്‍ സംഭരിക്കാന്‍ തീരുമാനിച്ചു. എല്ലാ വീട്ടുകാരും പാല്‍ ഒഴിക്കണം. നിര്‍ദ്ദിഷ്ടദിവസം രാത്രിയിലാണ് ഇത് ചെയ്യേണ്ടത്. എല്ലാവരും പാല്‍ ഒഴിക്കുമ്പോള്‍ ഒരാള്‍ മാത്രം കുറച്ച് വെള്ളം ഒഴിച്ചാലും ആരും അറിയുകയില്ല. ഒരു വീട്ടിലുള്ളവര്‍ ആലോചിച്ചത് ഇതാണ്. അവിടുത്ത ഗൃഹനാഥന്‍ ഒരു കുടം വെള്ളം ഒഴിച്ചു. പിറ്റേദിവസം രാവിലെ രാജാവും വൈദ്യരും വന്നപ്പോള്‍ കണ്ടത് കൊട്ടാരമുറ്റത്തെ വലിയ പാത്രം നിറയെ വെള്ളമാണ് ഒരാള്‍ ചിന്തിച്ചപോലെ തന്നെ എല്ലാവരും ചിന്തിക്കുകയും വെള്ളം ഒഴിക്കുകയും ചെയ്തു. ഈ ലോകത്തില്‍ 3 തരം ആളുകളുണ്ട്. എല്ലാവരും ചെയ്യുമ്പോള്‍ താന്‍ മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലല്ലോ എന്ന് ചിന്തിച്ച് ചെയ്യുന്നവര്‍, ആര്‍ക്ക് വേണമെങ്കിലും ചെയ്യാമല്ലോ പിന്നെന്തിന് ഞാന്‍ ചെയ്യണം എന്ന് ചിന്തിച്ച് മാറി നില്‍ക്കുന്നവര്‍, ആരുമില്ലെങ്കിലും ഞാന്‍ ഇത് ചെയ്യും എന്ന് കരുതി മുന്‍കൈയ്യെടുത്ത് ചെയ്യുന്നവര്‍. നിവൃത്തികേട് കൊണ്ട് ചെയ്യുന്ന ഒരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത ഉണ്ടാകില്ല. എല്ലാ കാര്യങ്ങളും മറ്റാരുടെയെങ്കിലും ഉത്തരവാദിതത്വമെന്ന് കരുതുന്നവര്‍ ജീവിതത്തോട് തന്നെ നിസ്സംഗത പുലര്‍ത്തുന്നവരായിരിക്കും. എന്നാല്‍ ആരൊക്കെ മാറിനിന്നാലും താന്‍ മുന്നിട്ടിറങ്ങി അത് ചെയ്യുകതന്നെചെയ്യും എന്ന് കരുതുന്നവര്‍ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ നിലനിര്‍ത്തപ്പെടുന്നത്. ഒരാള്‍ മാത്രം കള്ളനായാല്‍ അയാളെ ശിക്ഷിക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാല്‍ നാട്ടുകാര്‍ മുഴുവന്‍ കള്ളന്മാരായാല്‍ ആരെ വഴികാണിക്കാനാകും. എല്ലാവരും തെറ്റ് ചെയ്യുമ്പോഴും ശരി പിന്തുടരണമെങ്കില്‍ അസാധാരണമായ ധൈര്യം ഉണ്ടാകണം, തെറ്റൊഴിവാക്കാനുള്ള ധൈര്യം..