തീവ്രമല്ലാത്തതൊന്നും അധികനാള്‍ നീണ്ടുനില്‍ക്കുകയില്ല
ഗുരുവിന്റെ അടുത്തെത്തി വിദ്യയഭ്യസിക്കാനുള്ള ആഗ്രഹം അവന്‍ അറിയിച്ചു. ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിമാത്രമേ അദ്ദേഹം ശിഷ്യന്മാരെ സ്വീകരിക്കാറുള്ളൂ. അവന്റെ കൈപിടിച്ചു നോക്കിയ ഗുരു പറഞ്ഞു: നിന്റെ കൈയ്യില്‍ വിദ്യാരേഖ കാണാനില്ല. അതിനാല്‍ നിന്നെ ശിഷ്യനായി സ്വീകരിക്കാന്‍ കഴിയില്ല. അവന് ആകെ സങ്കടമായി. വീട്ടിലെത്തിയ അവന്‍ തന്റെ കയ്യില്‍ തലങ്ങും വിലങ്ങും ആണികൊണ്ട് മുറിവുകളുണ്ടാക്കി. കയ്യിലെ മുറിപ്പാടുകളുമായി അവന്‍ വീണ്ടും ഗുരുവിന് മുന്നിലേക്കെത്തി. കൈ നോക്കിയ ഗുരു പറഞ്ഞു: ഇപ്പോള്‍ നിന്റെ കയ്യില്‍ വിദ്യാരേഖയുണ്ട്. ഇനി നിനക്ക് ഇവിടെ വന്ന് പഠിക്കാം. കുറച്ച് നാളുകള്‍ക്ക് ശേഷം അവന്‍ ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായി മാറി. അന്ന് അവന്‍ ഗുരുവിനോട് തന്റെ കയ്യില്‍ വിദ്യാരേഖ വന്ന കഥ പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു: രേഖ നീ ഉണ്ടാക്കിയതാണെന്ന് എനിക്കറിയാമായിരുന്നു. നിന്റെ കയ്യില്‍ വിദ്യാരേഖയില്ലെന്ന് ഞാന്‍ പറഞ്ഞതും നുണയായിരുന്നു. നിന്റെ ആഗ്രഹത്തിന് എത്രമാത്രം ആഴമുണ്ടെന്ന് എനിക്ക് അറിയണമായിരുന്നു. തീവ്രമല്ലാത്തതൊന്നും അധികനാള്‍ നീണ്ടുനില്‍ക്കുകയില്ല. അത് ആഗ്രഹമായാലും അന്വേഷണമായാലും. അഭിലാഷവും അഭിനിവേശവും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അഭിലാഷം താല്‍ക്കാലികമാണ്. അത് പുറംമോടിയിലുള്ള ആകര്‍ഷണം മാത്രമാകാം. എന്നാല്‍ അഭിനിവേശം അങ്ങനെയല്ല. ആലോചിച്ചുറപ്പിച്ചുള്ള തീരുമാനമാണ്. എന്ത് സംഭവിച്ചാലും പുറകോട്ടില്ല എന്ന ദൃഢനിശ്ചയമാണ്. കൃത്യമായ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ്. സൗജന്യമായി ലഭിക്കുന്നതെല്ലാം ആളുകളെ അലസരാക്കുകയേ ഉള്ളൂ. വില കൊടുക്കാന്‍ വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ ആരേയും അതിജീവന പാതയില്‍ നിലനിര്‍ത്തും. ഓരോന്നിനും ഓരോ വിലയാണ്. ചിലതിന് സമയം നല്‍കണം. ചിലതിന് ആവേശം നിലനിര്‍ത്തണം. മറ്റുചിലതിന് ശീലങ്ങള്‍ ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ വേണം. വിലനല്‍കാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമാണു സ്വപ്നം കാണാനും അവകാശമുള്ളൂ..