സി.വി രാമന്‍ ജന്മദിനം ( നവംബർ 07 )
രാമന്‍ ഇഫക്ട്
-- ഷാക്കിര്‍ തോട്ടിക്കല്‍ --
ഭാരതീയനായിരിക്കുന്നതിൽ അഭിമാനിച്ച ധീരനായ ശാസ്ത്രജ്ഞനായിരുന്നു സി വി രാമൻ.ഭാരതീയരായ ശാസ്ത്രജ്ഞർക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും കൂടി പകർന്നു കൊടുത്ത ദേശാഭിമാനി. നവംബർ 7 അദ്ദേഹത്തിന്റെ ജന്മദിനമാണ്. ആ മഹാനായ ശാസ്ത്രജ്ഞനെ കുറിച്ചുള്ള ഒരു ലഘു ജീവചരിത്ര കുറിപ്പ് ഇതാ....
തഞ്ചാവൂരിലെ അയ്യൻ പേട്ട ഗ്രാമത്തിൽ ചന്ദ്രശേഖര അയ്യരുടെയും പാർവതി അമ്മാളിന്റെയും പുത്രനായി 1888 നവംബർ 7ന് സി വി രാമൻ ജനിച്ചു. പുരാണത്തിലും സംഗീതത്തിലും അവന് വളരെ താല്പര്യമായിരുന്നു. പിതാവിന് വിശാഖപട്ടണത്തിൽ പ്രൊഫസര്‍ ജോലി ലഭിച്ചപ്പോൾ കുടുംബം അങ്ങോട്ട് താമസം മാറ്റി.അവിടെയായിരുന്നു രാമന്റെ ബാല്യകാല വിദ്യാഭ്യാസം. 16ആം വയസ്സിനു മുമ്പേ തന്നെ ബി എ ഒന്നാം ക്ലാസ്സോടെ പാസ്സായി. ഊർജ്ജതന്ത്രം ഐച്ഛിക വിഷയമായെടുത്തു കൊണ്ട് ഉപരിപഠനം തുടർന്നു. അക്കാലത്തു അദ്ദേഹം ഇംഗ്ലണ്ടിലെ ശാസ്ത്രമാസികയിൽ എഴുതിയ ലേഖനം ലോകശ്രദ്ധ പിടിച്ചു പറ്റി. 1907ൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി...
തുടർന്ന് കൽക്കത്തയിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി ജോലി ലഭിച്ചെങ്കിലും ഗവേഷണങ്ങളോടുള്ള അദ്ദേഹത്തിന്റെ താല്പര്യം ഒട്ടും കുറഞ്ഞിരുന്നില്ല. ജോലി കഴിഞ്ഞു വരുന്ന മുഴുവൻ സമയവും അദ്ദേഹം ഇതിനു വേണ്ടി വിനിയോഗിച്ചു. 'ശാസ്ത്ര പുരോഗതിക്കു വേണ്ടിയുള്ള ഇന്ത്യൻ സമിതി' എന്ന പേരിൽ ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം സി വി രാമന്റെ നേതൃത്വത്തിൽ കൽക്കത്തയിൽ പ്രവർത്തിച്ചിരുന്നു. കുറച്ചു കാലങ്ങൾക്ക് ശേഷം കൽക്കത്ത സർവകലാശാലയിൽ പ്രൊഫസറായി ചേർന്നു. ഇന്ത്യയിൽ അടുത്ത കാലത്ത് ഉയർന്ന് വന്നിട്ടുള്ള ശാസ്ത്രജ്ഞരിൽ മിക്കവാറും കൽക്കത്ത സർവകലാശാലയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു..
ഡോ:എച്ച് ജെ ഭാഭയും വിക്രം സാരാഭായിയും ഇതിൽ പ്രധാനികളായിരുന്നു.
ജീവിതത്തിലും ചിന്തയിലും വളരെ ലാളിത്യം കാത്തുസൂക്ഷിച്ച ശാസ്ത്രജ്ഞനായിരുന്നു സി വി രാമൻ. നോബൽ സമ്മാനം നേടിയ 'രാമന്റെ പ്രഭാവം ' കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ച ഉപകരണങ്ങൾക്ക് കേവലം മുന്നൂറ് രൂപയാണത്രെ വില വരിക. 1970നവംബർ 21ന് അദ്ദേഹം അന്തരിച്ചു....
രാമൻ പ്രഭാവം
കൊൽക്കത്തയിലെ നമ്പർ 20, ബോ ബസാർ സ്ട്രീറ്റിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ കാൾട്ടിവേഷൻ ഓഫ് സയൻസിന്റെ പരീക്ഷണശാലയിൽ രാവിലെ അഞ്ചരയ്ക്ക് ആരംഭിക്കുമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ തപസ്യ. രാമൻ പ്രഭാവം എന്ന ചരിത്രനേട്ടം പിറന്നതും അവിടെത്തന്നെ.
എന്താണീ രാമന്‍ പ്രഭാവം? ഒരു ഏകവർണ പ്രകാശം സുതാര്യമായ ദ്രാവകത്തിലൂടെ കടത്തിവിട്ടാൽ പുറത്തുവരുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം വ്യത്യസ്തമായിരിക്കും. ദ്രാവകങ്ങളിലെ വിസരണമാണിതിന് കാരണം. ക്രിസ്റ്റലുകളിൽ എക്സ്-റേ പതിപ്പിച്ചു കോംപ്ടൺ എന്ന ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണങ്ങൾ രാമന്റെ ശ്രദ്ധ കവർന്നിരുന്നു. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ രാമൻ പ്രഭാവത്തിന്റെ കണ്ടുപിടിത്തം ആറു വർഷം മുന്നേ സംഭവിച്ചെന്നെ. 1922ൽ ദ്രാവകങ്ങളിലൂടെ നീലപ്രകാശം കടത്തിവിട്ടപ്പോൾ പുറത്തുവന്ന വിസരിത പ്രകാശത്തിലെ മങ്ങിയ പച്ച വെളിച്ചത്തെ ഫ്ലൂറസെന്‍സ് ആണെന്ന് കരുതി അവഗണിക്കാതിരുന്നെങ്കിൽ ! ശിഷ്യന്മാരായ കെ എസ് കൃഷ്ണനും രാമനാഥനും ഗവേഷണത്തിൽ രാമന് സഹായികളായി ഉണ്ടായിരുന്നു. രാമന്‍ പ്രഭാവം സ്വാധീനം ചെലുത്താത്ത ശാസ്ത്രശാഖകൾ ഇല്ലെന്നു തന്നെ പറയാം. തന്മാത്രാഘടന, അവയിലെ രാസബന്ധനം എന്നിവയെ കുറിച് രാമൻ സ്പെക്ട്രോസ്കോപ്പിയിലൂടെ ലഭിക്കുന്ന വിവരങ്ങൾ തന്മാത്രകളുടെ വിരലടയാളമാണെന്ന് പറയാം. രാമൻ പ്രഭാവത്തെയും അതിന്റെ പ്രായോഗിക വശങ്ങളെയും പറ്റി ഇന്റർനെറ്റിൽ ലഭ്യമായ പഠന റിപ്പോർട്ടുകളുടെ എണ്ണം തന്നെ ലക്ഷക്കണക്കിനുണ്ട്.....