അവരുടെ വിവാഹം കഴിഞ്ഞിട്ട് നിരവധി വര്‍ഷങ്ങളായി. ഇത്ര നാളായിട്ടും ഭര്‍ത്താവിനെ കുറിച്ച് ഒരു പരാതി അവര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു. പല്ല് തേക്കാന്‍ പേസ്റ്റ് എടുത്താല്‍ അത് അടച്ചുവെയ്ക്കില്ല. പറഞ്ഞു പറഞ്ഞു അവര്‍ക്ക് മടുത്തു. അന്ന് അവരുടെ വിവാഹവാര്‍ഷികമായിരുന്നു. ഇത്രയും കാലത്തെ ഭാര്യയുടെ പരാതി മാറ്റാന്‍ അയാള്‍ തീരുമാനിച്ചു. അന്ന് മുതല്‍ ഓര്‍മ്മവെച്ച് അയാള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പേസ്റ്റ് എടുത്തുവെയ്ക്കാന്‍ തുടങ്ങി. അങ്ങിനെ ഒരാഴ്ച കഴിഞ്ഞു. ഭാര്യ തന്നെ അഭിനന്ദിക്കുമെന്ന് കരുതി അയാള്‍ കാത്തിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. ഒരു ദിവസം അവള്‍ ദേഷ്യത്തോടെ അയാളോട് ചോദിച്ചു: നിങ്ങളെന്താണ് ഒരാഴ്ചയായിട്ട് പല്ലു തേക്കാത്തതെന്ന് എല്ലാവര്‍ക്കും മാറാനും നന്നാകാനും കഴിയും. അതിന് പലരും തയ്യാറുമാണ്. പക്ഷേ, അവരെ നാം മാറാന്‍ അനുവദിക്കണം. എത്ര തിരുത്തിയാലും അകപ്പെട്ട ദുഷ്‌പേരിനുള്ളില്‍ ചുറ്റിക്കറങ്ങേണ്ടി വരുന്നതുകൊണ്ടാണ് പലരും മെച്ചപ്പെടാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നത്. കയ്യബദ്ധമോ സാഹചര്യപ്രേരണയോ ആകാം അവര്‍ തെറ്റില്‍ അകപ്പെടാന്‍ കാരണം. ഒരാളെ ആ തെറ്റുസംഭവിച്ച കാലത്തുതന്നെ തളച്ചിടണമെന്ന വാശി അവരെ അടുത്തറിയുന്നവര്‍ക്കാണെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. അപരിചിതര്‍ ഒരിക്കലും ആയുഷ്‌കാല പ്രാബല്യമുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിച്ചു നടക്കാറില്ല. മറ്റുള്ളവര്‍ക്ക് അവസരത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചുപോയിട്ടുളള തെറ്റുകള്‍. ജീവിതത്തില്‍ ഒരാളുടെ കറുത്ത അധ്യായങ്ങള്‍ മാത്രം തേടുന്നവര്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ഇന്ന അയാള്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനായിരിക്കും. ഈ രീതി തുടര്‍ന്നാല്‍ അയാളുടെ ഭാവി കൂടുതല്‍ തിളക്കമുളളതായി മാറും. അത് തടയാനുള്ള മാര്‍ഗ്ഗം അയാളുടെ ഭൂതകാലത്തിലെ തെറ്റുകള്‍ ഉയര്‍ത്തിക്കാട്ടി കരിവാരിത്തേക്കുക എന്നത് മാത്രമാണ്. തെറ്റുകള്‍ക്ക് കൊടുക്കുന്ന പരസ്യപ്രചാരണം തിരുത്തലുകള്‍ക്കും കൂടി ലഭിച്ചിരുന്നെങ്കില്‍ ഒരുപാട് പേര്‍ക്ക് ദുഷ്‌പേരില്‍ നിന്ന് ആത്മവിശ്വാസത്തോടെ പുറത്തുവരാമായിരുന്നു. നമുക്ക് അത്തരത്തിലുള്ളവരെ കൂടുതല്‍ ആത്മവിശ്വാസത്തോടെ ജീവിതത്തിനെ നേരിടാന്‍ സഹായിക്കാം, അവരുടെ ഭൂതകാലത്തെ ചികയാതിരിക്കാം.

Powered by Blogger.