ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഹൃദയാരോഗ്യം മോശമാകുന്നതിന്റെ പ്രധാന കാരണം



ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഹൃദയാരോഗ്യം മോശമാകുന്നതിന്റെ പ്രധാന കാരണം. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. സര്‍ക്കുലേഷന്‍ ജേണലിലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം. ഇതിനായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ചെലവാക്കുന്ന കലോറിയുടെ അളവ് അറിഞ്ഞിരിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഓട്‌സ്, ഗോതമ്പ്, ബാര്‍ലി തുടങ്ങിയ മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മത്സ്യം, പാല്‍ ഉല്‍പന്നങ്ങള്‍, ബീന്‍സ്, കടല തുടങ്ങിവയൊക്കെ അത്തരത്തില്‍ കഴിക്കാവുന്നതാണ്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒലീവ് ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ തുടങ്ങിയവ ഉപയോഗിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലത്. ഫ്രൈഡ് ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കാം.ശീതളപാനീയങ്ങള്‍, മധുരമടങ്ങിയ പാനീയങ്ങള്‍, ജ്യൂസ് പായ്ക്കറ്റുകള്‍ തുടങ്ങിയ കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ ഒഴിവാക്കാം. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പ് വളരെ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കുക. മദ്യപാനം പരമാവധി കുറയ്ക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്.


Powered by Blogger.