അവന്‍ കുട്ടിയല്ലേ, വലുതാകുമ്പോള്‍ തനിയെ ചെയ്തുകൊള്ളും
അവര്‍ക്ക് ഒരു മകനേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ അച്ഛന്‍ എന്തെങ്കിലും ജോലി അവനെ ഏല്‍പ്പിക്കുമ്പോള്‍ അമ്മ അത് തടയുമായിരുന്നു. അമ്മ പറയും: അവന്‍ കുട്ടിയല്ലേ, വലുതാകുമ്പോള്‍ തനിയെ ചെയ്തുകൊള്ളും. അങ്ങനെ മകന് കൗമാരപ്രായമെത്തി. ഒരിക്കല്‍ അവര്‍ യാത്രചെയ്യുമ്പോള്‍ ധാരാളം മാമ്പഴങ്ങളുള്ള ഒരു മാവ് കണ്ടു. അവന്‍ അതില്‍ കൊതിയോടെ നോക്കി. അച്ഛന്‍ പറഞ്ഞു: നമുക്കിതിന്റെ തൈകള്‍ വീട്ടില്‍ നടാം. നീ ഒരു തൈ പറച്ചികൊണ്ടുവരിക. അവന്‍ ചെറിയൊരു തൈ പറിച്ചുകൊണ്ടുവന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. ഇതിന്റെ വേരുകള്‍ക്ക് ബലം പോരാ. കുറച്ചുകൂടി വലിയ തൈ വേണം. പല തവണ അവന്‍ തൈകള്‍ കൊണ്ടുവന്നു. അച്ഛന്‍ വീണ്ടും കുറച്ചുകൂടി ബലമുള്ള തൈകള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അവസാനം ഏറെ നേരത്തെ പരിശ്രമം കൊണ്ട് അവന്‍ നല്ല ബലമുള്ള വേരുകളുള്ള തൈ പറിച്ചുകൊണ്ടുവന്നു. അച്ഛന്‍ അവനോട് പറഞ്ഞു: നമ്മുടെ ശീലങ്ങളും ഇതുപോലെ തന്നെയാണ്. എത്ര ആഴ്ന്നിറങ്ങിയോ അത്രതന്നെ ശ്രമകരമായിരിക്കും അവ പറിച്ചെറിയുവാന്‍ ! ശിഖിരങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന അതേ വിസ്തൃതിയില്‍ തന്നെ വേരുകളും പടര്‍ന്നിരിക്കും. ഇതുതന്നെ വ്യക്തികളുടെ രൂപപ്പെടലിലും കാണാവുന്നതാണ്. മനുഷ്യന്റെ ഓരോ ചെയ്തിയുടേയും പിന്നില്‍ അടിസ്ഥാനപരമായ കാരണങ്ങളുണ്ടായിരിക്കും. അവയില്‍ തിരുത്തപ്പെടേണ്ടവ തിരുത്തപ്പെടുക തന്നെ വേണം. കതിരിലല്ല, വേരിലാണ് വിളവ്. വേരോടുന്ന നിലത്തിന്റെ ഗുണത്തിനനുസരിച്ചു മാത്രമേ കായ്ഫലങ്ങളുണ്ടാകൂ. നന്മയുടെ വേരുകള്‍ ആഴ്ന്നിറങ്ങുകയും ദുഷ്ടതയുടെ വേരുകള്‍ ആഴ്ന്നിറങ്ങാന്‍ അനുവദിക്കാതിരിക്കാതിക്കുകയും ചെയ്താല്‍ സ്വയം നിയന്ത്രിത ജീവിതം അനായാസം ലഭിക്കുക തന്നെ ചെയ്യും.