ഉറുദു ഭാഷ ദിനം ( നവംബര്‍ 09 )

 

ഉറുദു ഭാഷ ദിനം ( നവംബര്‍ 09 ), Urdu language day (November 09)

ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയും പാകിസ്താനിലെ ദേശീയഭാഷയുമാണ്‌ ഉർദു.

ദില്ലിയിലെ സുൽത്താൻ വംശത്തിന്റെ കാലത്ത്‌ അപഭ്രംശ ഭാഷകളിൽ നിന്നും രൂപാന്തരപ്പെട്ടതും മുഗളരുടെ കാലത്ത്‌ പേർഷ്യൻ, അറബി, തുർക്കിഷ് എന്നീ ഭാഷകളുടെ സ്വാധീനത്താൽ വികാസം പ്രാപിച്ചതുമായ ഭാഷയാണ്‌ ഉർദു. ഹിന്ദിയുമായി വളരെയേറെ സാമ്യമുണ്ടെങ്കിലും അറബി ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻ, അറബി എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു.


ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ മാതൃഭാഷയായി ഈ ഭാഷ സംസാരിക്കുന്നുണ്ട്‌ - ആന്ധ്രാപ്രദേശ്‌, ബീഹാർ, ദില്ലി, ജമ്മു-കശ്മീർ, മധ്യപ്രദേശ് , ഉത്തർപ്രദേശ്, കർണാടക , മഹാരാഷ്ട്ര, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്‌ കൂടുതലായും ഉർദു സംസാരിച്ചുവരുന്നത്‌. പാകിസ്താനിൽ ഉർദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്‌. 


ചരിത്രം

ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഇന്നത്തെ ഉർദുവും ഹിന്ദിയും, ഹിന്ദുസ്താനി എന്നോ ഉർദു എന്നോ ആയിരുന്നു അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് അക്കാലത്തിനു മുമ്പുള്ള ഉർദുവിന്റെയും ഹിന്ദുസ്താനിയുടെയും ചരിത്രം ഒന്നുതന്നെയാണ്.


ദില്ലിയാണ് ഉർദുവിന്റെ ജന്മസ്ഥലമായി കണക്കാക്കുന്നത്. ദില്ലിയിൽ ജീവിക്കാത്ത ആരെയും ഉർദുവിന്റെ യഥാർത്ഥവിദ്വാനായി കണക്കാക്കാനാവില്ലെന്നും പുരാനി ദില്ലിയിൽ ജമാ മസ്ജിദിന്റെ പടവുകളാണ് ഈ ഭാഷയുടെ ഏറ്റവും മികച്ച പഠനകേന്ദ്രമെന്നുമാണ് മൗലവി അബ്ദുൾ ഹഖ് പരാമർശിച്ചിരിക്കുന്നത്. ദില്ലിയിലെ മുഗൾ ഭരണകാലത്ത് നിരവധി ഉർദു സാഹിത്യകാരന്മാരും സൃഷ്ടികളും ഉടലെടുത്തു. ഉർദുവിന്റെ സ്ത്രീകൾ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഭാഷാഭേദവും ദില്ലിയിൽ പ്രചരിച്ചിരുന്നു. സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ള സ്ത്രീകളുടെയിടയിലും ഈ വകഭേദത്തിന് പ്രചാരമുണ്ടായിരുന്നു.


ലിപി

അറബിക്‌ ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ പേർഷ്യൻ ലിപി(നസ്താലീക് രീതി) ഉപയോഗിച്ച് വലത്തുനിന്ന്‌ ഇടത്തോട്ടാണ്‌ ഉർദു എഴുതുന്നത്.


 

Powered by Blogger.