ദേശീയ ക്ഷീര ദിനം (നവംബര്‍ 26)

 

അറിവരങ്ങ്, ദേശീയ ക്ഷീര ദിനം (നവംബര്‍ 26), Arivarang, National Milk day (November 26)


പാല്‍ വിശേഷങ്ങള്‍


-- ഷാക്കിര്‍ തോട്ടിക്കല്‍ --


ധവള വിപ്ലവത്തിന്‍റെ പിതാവ് ഡോ.വര്‍ഗീസ് കുര്യന്‍റെ ജന്മദിനമാണ് നവംബര്‍ 26.ഈ ദിവസം ദേശീയ ക്ഷീര ദിനമായി രാജ്യം ആചരിക്കുന്നു.


1921 നവംബർ 26-ന് കോഴിക്കോട്ടെ സിറിയൻ ക്രിസ്ത്യൻ കുടുംബമായ പുത്തൻ പാറയ്ക്കലാണ് വര്‍ഗീസ് കുര്യന്‍ ജനിച്ചത്. പുത്തൻ പാറയ്ക്കൽ കുര്യനാണ് പിതാവ്. ബ്രിട്ടീഷ് കൊച്ചിയിൽ സിവിൽ സർജനായിരുന്നു അദ്ദേഹം.


 വിദ്യാഭ്യാസം

 പിതാവ് ഒരു സർജനായതുകൊണ്ട് ചെറിയ ഇടവേളകളിൽ സ്ഥലംമാറ്റം കിട്ടാവുന്ന ജോലിയായിരുന്നു. അതുകൊണ്ട് തന്നെ വിവിധയിടങ്ങളിലായാണ് വർഗീസ് കുര്യന്റെ പ്രാഥമികവിദ്യാഭ്യാസം നടന്നത്. ഗോപീചെട്ടി പാളയം എന്ന സ്ഥലത്തുള്ള സ്കൂളിലായിരുന്നു അഞ്ചാം ക്ലാസ്സുവരെ പഠിച്ചത്. ഒന്നാം ഭാഷയായി ഇംഗ്ലീഷും, രണ്ടാം ഭാഷയായി തമിഴും ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. 1936ൽ മണ്ണാർഗുടി എന്ന സ്ഥലത്തുള്ള ഹൈസ്കൂളിൽ നിന്നും കുര്യൻ എസ്എസ്എൽസി വിജയിച്ചു.


അമൂലിന്‍റെ കഥ

 1955ൽ കയ്റയുടെ പുതിയ പ്ലാന്റ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു.അമുൽ എന്ന് നാമകരണം ചെയ്ത ഈ പ്ലാന്റ് അന്ന് ഏഷ്യയിലെ ഏറ്റവും വലിയ തായിരുന്നു. പാൽപ്പൊടി നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ഇതായിരുന്നു.താങ്കളെപോലുള്ള ആളുകൾ ഉണ്ടെന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നായിരുന്നു ഈ പ്ലാന്റ് ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞത്. 1955 ൽ അമൂല്യ എന്ന പേരിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തി തുടങ്ങി. എന്നാൽ അതിനേക്കാളോക്കെ മുമ്പേതന്നെ ലക്ഷക്കണക്കിന് കുടുംബങ്ങളിൽ അമൂൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു.ത്രിഭുവൻ ദാസിനും, കുര്യനെയും കൂടാതെ ഹരിചന്ദ് ദലായ എന്നൊരു സാങ്കേതിക വിദഗ്ധൻ കൂടിയുണ്ടായിരുന്നു ഈ സഹകരണമേഖലയിലെ വിജയത്തിനു പിന്നിൽ.


 പുരസ്കാരങ്ങൾ

 1963 - രമൺ മാഗ്സസെ പുരസ്കാരം

 1965 - പത്മശ്രീ

 1966 - പത്മഭൂഷൺ

 1986 - കൃഷിരത്ന പുരസ്കാരം

 1986 - വാടലർ സമാധാന പുരസ്കാരം

 1989 - ലോക ഭക്ഷ്യ പുരസ്കാരം

 1993 - ഇന്റർനാഷണൽ പേഴ്സൺ ഓഫ് ദ ഇയർ 

1999 - പത്മവിഭൂഷൺ 

2007 - കർമ്മ വീര പുരസ്കാരം


 പാല്‍ വിശേഷം

സസ്തനികളുടെ സ്തനകോശങ്ങളിൽ നിന്നുൽപാദിപ്പിക്കപ്പെടുന്ന പോഷക ദ്രാവകമാണ് പാൽ. ജനിച്ചയുടനെ മറ്റു ഭക്ഷണപദാർത്ഥങ്ങൾ ദഹിപ്പിക്കാൻ ശേഷിയില്ലാത്ത കുഞ്ഞുങ്ങളുടെ പ്രധാനപ്പെട്ട പോഷക ഉറവിടമാണിത്. 


 പാലിലെ ഘടകങ്ങൾ

പാൽ ഒരു സമീകൃതാഹാരമാണെന്നറിയാമല്ലോ. പക്ഷേ, അതിലെന്തൊക്കെ ഘടകങ്ങളുണ്ടെന്ന് ൊഅറിയുമോ? പശുവിൻ പാലിൽ 87% വെള്ളമാണ്. 

 ബാക്കി 13% ഖര പദാർത്ഥങ്ങളാണ്.അത് മുഴുവനും പോഷകഗുണമുള്ള പദാർത്ഥങ്ങളാണ്. പ്രോട്ടീനുകൾ, പൂരിത കൊഴുപ്പ്, കാൽസ്യം, പഞ്ചസാര, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാണവ.


 പാലുൽപ്പന്നങ്ങൾ

 നെയ്യ്, തൈര് തുടങ്ങിയവ പാലിൽ നിന്നും എടുക്കുന്ന പാലുൽപന്നങ്ങളാണ്.

 വേറെ എന്തൊക്കെ പാലുൽപ്പന്നങ്ങളുണ്ട്.?വെണ്ണ, പാൽക്കട്ടി, തൈര്, മോര്, നെയ്യ്, ക്രീം യോഗ് ഹർട്ട്, ഐസ്ക്രീം, പാൽപ്പൊടി, സോർ ക്രീം, പാടനീക്കി കൊഴുപ്പു കുറച്ച പാൽ തുടങ്ങി അനേകം ഉത്പന്നങ്ങൾ പാലിൽ നിന്നുണ്ടാക്കാം.


 ഡയറി ഫാം

 ക്ഷീര വ്യവസായം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവയാണ് ഡയറിഫാമുകൾ. അത്യുൽപാദനശേഷിയുള്ള പശുക്കളെ വളർത്തി പാൽ ശേഖരിച്ച് സംസ്കരിച്ച് വിപണനം നടത്തുന്നവയാണിവ. 

 ആധുനിക ഡയറി ഫാമുകളിൽ കറവയന്ത്രമുപയോഗിച്ച് കൃത്യമായ ഇടവേളകളിൽ പശുക്കളെ കറന്നു പാലെടുക്കുന്നു. പൂർണമായും അണുവിമുക്തമായ പാൽ ലഭ്യമാക്കാൻ ഫാമുകൾ ശ്രദ്ധിക്കുന്നു. പശുവിന് പോഷക സമ്പൂർണമായ ആഹാരം നൽകാനും ഫാം കർഷകർ ശ്രദ്ധ ചെലുത്തുന്നു. ചൂടും തണുപ്പും ക്രമീകരിച്ച തൊഴുത്തുകൾ ആധുനിക ഫാമുകളിൽ ഉണ്ട്. സർക്കാർ-സ്വകാര്യ മേഖലകളിൽ ഡയറിഫാമുകൾ പ്രവർത്തിക്കുന്നു.

    വികസിതരാജ്യങ്ങളിൽ ഡയറിഫാമുകൾക്കുമേൽ സർക്കാർ നിയന്ത്രണങ്ങളുണ്ട് അവിടത്തെ ശുചിത്വവും മറ്റും പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്.


 ക്ഷീര സഹകരണ സംഘം

 കൂട്ടുകാരുടെ നാട്ടിലും സഹകരണ സംഘങ്ങളില്ലേ? ഒരു പ്രദേശത്തെ ക്ഷീരകർഷകരുടെ സംഘമാണ് പ്രാഥമിക ക്ഷീര സഹകരണ സംഘം. സംഘത്തിന്റെ പ്രവർത്തനം നോക്കാം. ആദ്യം ക്ഷീരകർഷകരിൽ നിന്ന് പാൽ ശേഖരിക്കുന്നു. അത് വിപണനം നടത്തുന്നു. കാലിത്തീറ്റയും പശുക്കൾക്കുള്ള മരുന്നുകളും മറ്റും ന്യായമായ വിലയ്ക്ക് എത്തിക്കുന്നു. കാലികൾക്കുണ്ടാകുന്ന രോഗങ്ങളെ പറ്റിയും ആധുനിക കാലിവളർത്തു രീതികളെപ്പറ്റിയും അംഗങ്ങളെ ബോധവാന്മാരാക്കുന്നു. അതിനായി സെമിനാറുകൾ നടത്തുന്നു. വിപണനം ചെയ്ത ശേഷം ബാക്കിവരുന്ന പാൽ ഉപയോഗിച്ച് ചെറുകിട വ്യവസായങ്ങൾ നടത്തുന്നു.

    നിങ്ങളുടെ നാട്ടിലെ ക്ഷീര സഹകരണ സംഘം സന്ദർശിച്ചു സംഘത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുക


 മിൽമ

    കേരളത്തിലെ ആറുലക്ഷത്തോളം ക്ഷീരകർഷകർ അംഗങ്ങളായുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ ഫെഡറേഷനാണ് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ എന്ന മിൽമ. ഇന്ന് കേരളത്തിലെങ്ങും വ്യാപിച്ചുകിടക്കുന്ന ശൃംഖലയാണിത്. ആധുനിക സംസ്കരണ സംവിധാനം ഉപയോഗിച്ചാണ് മിൽമ പാൽ സംഭരിക്കുന്നത്.


 പാൽ പതഞ്ഞു പൊങ്ങുന്നത് എന്തുകൊണ്ട്?

 പാൽ തിളപ്പിക്കുമ്പോൾ പതഞ്ഞു പൊന്തുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനുള്ളിലെ കൊഴുപ്പ് അടക്കമുള്ള ഘടകങ്ങൾ പാലിനു മുകളിൽ ഒരു പാട സൃഷ്ടിക്കും. ഒപ്പം പാലിലെ വെള്ളം നീരാവിയായി മുകളിലേക്കുയരും. പാടയുള്ളതിനാൽ നീരാവിക്ക് മുകളിലേക്ക് പോകാൻ കഴിയില്ല. അതുകൊണ്ട് നീരാവി പാടയെ മുകളിലേക്കുയർത്തുന്നു. എന്നാൽ, സ്പൂൺ കൊണ്ട് ഇളക്കിയാലോ? പാടയിൽ വിടവുണ്ടാകും. നീരാവി വിടവിലൂടെ രക്ഷപ്പെടും. പാൽ താഴ്ന്നു പോകും.


 പാൽ തരുന്നവർ

 ഇന്ത്യയിൽ പശു ആട് എരുമ എന്നിവയുടെ പാൽ മനുഷ്യർ ഉപയോഗിക്കുന്നു.യൂറോപ്പിലും ലാറ്റിനമേരിക്കയിലെ ചില ഭാഗങ്ങളിലും പ്രിയം ആട്ടിൻപാലിനാണ്.

  ഗൾഫ് രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കയിലും ഒട്ടകപ്പാലും. ആർട്ടിക്ക് പ്രദേശത്തെ പാൽക്കാരി ആരെന്നോ? കലമാൻ. 


 

പാലിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ

പശു - 3.2 മാംസ്യം,3.9 കൊഴുപ്പ്,4.8 അന്നജം,66 ഊര്‍ജ്ജം.

എരുമ - 4.5 മാംസ്യം,8.0 കൊഴുപ്പ്,4.9 അന്നജം,110 ഊര്‍ജ്ജം

ആട് - 3.1 മാംസ്യം,3.5 കൊഴുപ്പ്,4.4 അന്നജം,60 ഊര്‍ജ്ജം

മനുഷ്യ സ്ത്രീ - 1.5 മാംസ്യം,3.7 കൊഴുപ്പ്,6.9 അന്നജം,67 ഊര്‍ജ്ജം.



 

Powered by Blogger.