ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ക്രിസ്മസ് ആഘോഷ കാലത്തിനോട് അടുപ്പിച്ച് അമേരിക്ക മറ്റൊരു കോവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി. അമേരിക്ക, യൂറോപ്പ് പോലുള്ള ചിലയിടങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഡോ. ഫൗസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച അമേരിക്കയിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അതിനു മുന്‍ വാരത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കോവിഡ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണത്തിലും 36 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറും യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറുമാണ് ഡോ. ഫൗസി. കോവിഡിനെതിരെ ശരീരം കൈവരിക്കുന്ന പ്രതിരോധ ശക്തി മാസങ്ങള്‍ പിന്നിടുമ്പോള്‍ കുറഞ്ഞു വരുമെന്ന യാഥാര്‍ഥ്യത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഡോ. ഫൗസി പറഞ്ഞു. വാക്സീന്‍ എടുക്കാത്തവര്‍ക്കുണ്ടാകുന്ന രോഗബാധ വാക്സീന്‍ എടുത്തവരിലേക്കും വ്യാപിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സീന്‍ എടുത്തവര്‍ക്കും മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ സാധിക്കും. വാക്സീന്‍ എടുത്തവര്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാന്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും ഡോ. ഫൗസി കൂട്ടിച്ചേര്‍ത്തു.
ശുഭദിനം