ഓരോ മനുഷ്യനും ജീവിതമെന്ന അരങ്ങിലെ അഭിനേതാവ് ആണ്

Arivarang, prabhatha chinthakal, അറിവരങ്ങ്, പ്രഭാത ചിന്തകൾ


 🔅അറിവരങ്ങ് പ്രഭാത ചിന്തകൾ 🔅

                 

ഇഴയടുപ്പം...

🔅 ജീവിതത്തിന്റെ തിരശ്ശീല ഉയർത്തപ്പെട്ടിരിക്കുന്നത് ചില ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്. ഒരു നൂലിഴ ബന്ധം പോലെ..പ്രത്യക്ഷത്തിൽ ഗോചരമാണെങ്കിലും..ഓരോ മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിന് ഈ കെട്ടുറപ്പാണ് ഹേതു.ആ ഇഴയടുപ്പം ഒന്നകന്നാൽ....കെട്ടുകളുടെ ഭദ്രതക്ക് ഒന്നയവ് വന്നാൽ ആ തിരശ്ശീല എന്നെന്നേക്കുമായി ചുരുളഴിഞ്ഞു വീഴും...

ഓരോ മനുഷ്യനും ജീവിതമെന്ന അരങ്ങിലെ അഭിനേതാവ് ആണ്...ചിലതിന്റെ തിരക്കഥ വളരെ നീണ്ടു പോയേക്കാം..ഒരാൾ തന്നെ പല വേഷപകർച്ചയിലൂടെ ഒരുപാട് കഥാപാത്രങ്ങളായി അഭിനയിക്കേണ്ടി വരും..സുഹൃത്തായോ,സഹോദരനായോ...അങ്ങിനെ നീണ്ടുപോകും..വേഷങ്ങൾ..

തകർത്തഭിനയിക്കുന്നവന് ഒരുപാട് വേഷങ്ങൾ യോജിക്കും..ചില തിരക്കഥകൾ വളരെ പെട്ടെന്ന് അവസാനിക്കുകയും ചെയ്യും...

നമ്മൾ നെയ്തെടുത്ത നമ്മളാൽ നെയ്തെടുത്ത ഈ നൂലിഴകളെ അതിന്റെ ഇഴയടുപ്പങ്ങളെ അകലാതെ ശ്രദ്ധിക്കാൻ കഠിന പ്രയത്നം തന്നെ ആവശ്യമായി വരും...അതാണ് ജീവിതം.


ആഗ്രഹങ്ങളും സ്വപ്നങ്ങളും അവസാനിക്കാത്ത മനസ്സ്...

🔅 ആശകളും നിരാശകളുമാണ് ഓരോ മനുഷ്യന്റെയും ഉയർച്ചയുടേയും താഴ്ചയുടേയും അളവുകോൽ ആകുന്നത്.

ആശകൾ ഓരോരുത്തരേയും മുന്നോട്ട് ജീവിപ്പിക്കാൻ പ്രേരിപ്പിക്കുമ്പോൾ...അതിന് ഉത്തേജനം നൽകുമ്പോൾ നിരാശകൾ പലപ്പോഴും അതിന് തടയിടുന്നു..സ്വപ്നങ്ങളും,ആഗ്രഹങ്ങളുമില്ലാത്ത മനുഷ്യരില്ല..മനസ്സെന്ന വിഹായസ്സിൽ ഇതൊന്നിനും അന്ത്യവും ഇല്ല..ചെറുപ്പത്തിൽ നാം ചില കളിപ്പാട്ടങ്ങളെ കുറിച്ച് ആഗ്രഹിക്കുന്നു...കുറച്ചു കൂടി നല്ലതോ വലുതോ കിട്ടിയാൽ എങ്ങിനെയിരിക്കും എന്ന് സ്വപ്നം കാണുന്നു...ബാല്യം കഴിഞ്ഞ് കൗമാരത്തിന്റെയും യൗവ്വനത്തിന്റെ ഇടയിലെത്തുമ്പോൾ ഒരു ആണിന് പെണ്ണിലും,പെണ്ണിന് ആണിലും ഇഷ്ടം തോന്നുന്നു..അവരോടൊപ്പമുള്ള നിമിഷങ്ങളെ ആഗ്രഹിക്കുന്നു...അതിനെകുറിച്ച് വർണ്ണാഭമായി സ്വപ്നം കാണുന്നു..ഇനി കൗമാരം വഴിമാറി യൗവ്വനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ചിലത് നേടി..ചിലത് നേടാൻ കഴിയാതെ..വേറെ ആർക്കോ മുൻപിൽ തലകുനിച്ച്...ആരെയോ മംഗല്യച്ചരട് അണിയിക്കുന്നു...പിന്നെയും ജീവിതം കുറച്ചുകൂടി മുന്നോട്ട് പോകുമ്പോൾ..ചിന്തകൾ മാറിമറിയുന്നു..പവിത്രമായ ഈ ബന്ധത്തിനിടയിൽ അസ്വാരാസ്യങ്ങൾ മറ നീക്കി പുറത്തുവരുന്നു...എന്നും പരിപ്പും,സാമ്പാറും കൂട്ടിയുള്ള ഭക്ഷണം അല്ലേ ഒരു ദിവസം ഇറച്ചിക്കറി കൂട്ടി ഭക്ഷണം കഴിക്കണം എന്ന ചിന്തയെന്ന പോലെ ചിലരുടെ ചിന്തകളും ആഗ്രഹങ്ങളും. തമാശ പറയുന്ന അല്ലെങ്കിൽ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു പുരുഷനിലോ കാണാൻ അഴകുള്ള പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു പെണ്ണിലോ ചെന്നെത്തി നിൽക്കുന്നു അത്. അയൽപ്പക്കത്തുള്ളവരോ സ്ഥിരം കാണുന്നവരോ എന്തിനേറെ ഒരു സോഷ്യൽ മീഡിയ ഫ്രണ്ട് പോലും ആകാം. പിന്നെ ഒരേയൊരു ചിന്ത , നേടണം .അല്ലെങ്കിൽ അനുഭവിക്കണം..

അതിനിടയിൽ എന്ത് പ്രതിബന്ധങ്ങൾ വന്നാലും തട്ടിയെറിയും .അത് സ്വന്തം രക്തത്തിൽ പിറന്ന മക്കളോ...ഭർത്താവോ,ഭാര്യയോ ആയിരുന്നാൽ പോലും.ചിലരൊക്കെ അതിനിടയിൽ തളർന്നു വീഴുന്നു...വീണ്ടും എഴുന്നേൽക്കാൻ കഴിയാതെ മാനവും,അഭിമാനവും നഷ്ടപ്പെട്ട്.....

മനുഷ്യന്റെ ആഗ്രഹം അത് എവിടെയും അവസാനിക്കുന്നില്ല.ഒരു പൂവിൽ നിന്ന് മറ്റു പൂക്കളിലേക്ക് പരാഗണം നടത്തുന്ന ചിത്രശലഭങ്ങളെപ്പോലെ...മനുഷ്യമനസ്സും അതിലെ ആഗ്രഹങ്ങളും പാറി നടക്കുന്നു..ഓരോന്നും മൊട്ടാണോ...പൂവാണോ..കരിഞ്ഞതാണോ...എന്ന ചിന്തപോലും ഇല്ലാതെ...ഒരുപക്ഷേ നന്മയും,നേർമയും,കുളിർമയും ഉള്ള ഒരു പനിനീർ പൂവിനെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാകും...ആ യാത്ര....!


മനസ്സ്...

🔅 മനുഷ്യന്‍ ചിലപ്പോള്‍ കരുതുന്നു താനെല്ലാറ്റിനും പ്രാപ്തനാണെന്ന്. എന്നാല്‍ തന്നെ കൊണ്ടൊന്നും സാധിക്കുന്നില്ലല്ലോ എന്നായിരിക്കും മറ്റു ചിലപ്പോള്‍ അവന്റെ ചിന്ത. അഹന്തയുടെയും അപകര്‍ഷതാ ബോധത്തിന്റെയും അറ്റങ്ങളിലേക്ക് മാറിമാറിയലയുകയാണ് അവന്റെ മനസ്സ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താനാരാണ്, തന്റെ സാധ്യതകളെന്താണ്, ലക്ഷ്യങ്ങളെന്താണ്, ഈ ഭൂമിയിലെ നിയോഗ ലക്ഷ്യമെന്താണ് എന്നെല്ലാം തിരിച്ചറിയുന്നതില്‍ അവന്‍ പരാജയപ്പെടുന്നു. ഈ വിവേകം അവന്‍ നേടിയെടുക്കേണ്ടത് അനുഭവങ്ങളില്‍ നിന്നാണ്. ഇത്തരം തിരിച്ചറിവുകളെ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഒരു പക്ഷേ വലിയ പാളിച്ചയാകാം. അല്ലെങ്കില്‍ ഒരു പതനമോ പരാജയമോ ആകാം. എന്നാല്‍ അപ്പോഴേക്കും വ്യഥപൂണ്ട് നിരാശയുടെ മിഥ്യാമാളത്തിലേക്ക് ഓടിയൊളിക്കുകയാണ് പലരും.


ഒരു നാൾ...

🔅 അർത്ഥം മനസ്സിലാകാത്ത വാക്കും. വിശ്വസനീയമല്ലാതെ തോന്നുന്ന സൗഹൃദവും.. തിരിച്ചറിയാതെ പോകുന്ന ബന്ധങ്ങളും..എല്ലാം ഒരുപോലെയാണ്..വെളിച്ചത്തിൽ നിന്ന് നോക്കിയാൽ പ്രകാശോദ്വീപനത്തോടെയും..ഇരുട്ടിൽ നിന്ന് നോക്കിയാൽ കനത്ത അന്ധകാരവും അവിടെ നിഴൽ നാടകം കളിച്ചേക്കാം..ഇവിടെ മനസാണ് പ്രധാനം...അതിലെ ചിന്താധാരയും...

ചിലപ്പോഴൊക്കെ അതിനിടയിലൂടെ വ്യതിചലിച്ചു വന്ന വിശ്വാസങ്ങളൊക്കെയും സത്യമാകണമെന്നില്ല...എല്ലാം തെറ്റുമാകണമെന്നുമില്ല...ചിലത് ചിലപ്പോൾ ചിലർക്ക് ശരിയാകാം....ചിലർക്ക് തെറ്റായും തോന്നാം.

ഒഴുക്കിലേക്ക് ഞെട്ടറ്റു വീണ ഇല ചിലപ്പോൾ ഒഴുക്കിന് എതിർ ദിശയിലേക്ക് തെന്നി നീങ്ങണമെന്ന് ഒരു പക്ഷേ ചിന്തിച്ചു പോയേക്കാം. അവിടെ ചിന്ത മാത്രമേ ഉണ്ടാകൂ...പ്രവൃത്തി കൊണ്ട് ഫലമുണ്ടാകില്ലെന്ന തിരിച്ചറിവ് ഒരുപാട് ദൂരം ഒഴുക്കിനൊപ്പം നീങ്ങിയതിന് ശേഷമേ തിരിച്ചറിയൂ. പിന്നെയങ്ങിനെ പൊയ്‌ക്കൊണ്ടേയിരിക്കും.എവിടെയെങ്കിലുമൊക്കെ തട്ടിതടഞ്ഞു ...അവസാനം അതിന്റെ സ്ഥായിയായ ഭാവം നഷ്ടപ്പെടും വരെ.

പിന്നെ ഒരുനാൾ അഗാധതയിലേക്ക് ആണ്ടുപോകും. ഒരിക്കലും തിരികെ വരാതെ...

ഇതുപോലെയാണ് നമ്മിൽ ചിലരുടെ ചില ബന്ധങ്ങളും....



 

Powered by Blogger.