ക്ലാസ്സില്‍ ടീച്ചര്‍ കുട്ടികളോട് അവര്‍ക്ക് ലഭിച്ച ഏറ്റവും നല്ല സമ്മാനത്തിന്റെ ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ വീടിന്റെ ചിത്രം വരച്ചു. ചിലര്‍ കളിപ്പാട്ടം, ചിലര്‍ പൂച്ചക്കുട്ടി അങ്ങനെ പലതരം കളിപ്പാട്ടങ്ങള്‍. ഒരു കുട്ടി വരച്ചത് രണ്ടു കൈകളാണ്. ടീച്ചര്‍ അവനോട് ചോദിച്ചു: നിനക്ക് ഇഷ്ടം ഈ കൈകളാണോ, ഇത് ആരുടെ കൈകളാണ്? അവന്‍ പറഞ്ഞു: ഇത് ടീച്ചറിന്റെ കൈകളാണ്. ടൂര്‍പോയപ്പോള്‍ കടലില്‍ പോകാന്‍ പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നത് ഈ കൈകളാണ്. മൈതാനത്ത് ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പിച്ചതും ഈ കൈകളാണ്. അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട സമ്മാനം ഈ കൈകളാണ്. പ്രിയപ്പെട്ടവര്‍ ആരെന്ന ചോദ്യത്തിന് ഓരോരുത്തരും നല്‍കുന്ന ഉത്തരത്തിന് ചില സാമ്യങ്ങളുണ്ടായിരിക്കും. അവര്‍ തങ്ങളുടെ പ്രിയങ്ങളെ ചേര്‍ത്തുപിടിച്ചവരോ, അപ്രിയസംഭവങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയവരോ ആകാം. ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ വര്‍ഷങ്ങളോളം കൂടെയുണ്ടായാലും ചിലപ്പോള്‍ അവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ല. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടുമുട്ടിയവര്‍ പോലും ഉള്‍പ്പെടാം. നമ്മുടെ ഓരോ ദിവസവും എത്രമാത്രം പ്രയോജനകരമായിരുന്നു എന്ന് തിരിച്ചറിയാന്‍ ദിനാന്ത്യം സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും. ഇന്ന് എത്ര പേര്‍ക്ക് ഒരു പുഞ്ചിരി നല്‍കാന്‍ സാധിച്ചു, അസ്വസ്ഥനായ ഒരാളോടെങ്കിലും എന്ത് പറ്റിയെന്ന് ചോദിക്കാന്‍ സാധിച്ചുവോ, കൈനീട്ടി യാചനയോടെ നിന്ന ആരുടെയങ്കിലും കണ്ണുകളിലേക്ക് ഒന്ന് നോക്കാന്‍ സാധിച്ചിരുന്നോ, ജോലി തിരക്കുകള്‍ക്കിടയിലും നല്ലതുചെയ്താല്‍ അവരെ അഭിനന്ദിക്കാന്‍ സാധിച്ചിരുന്നോ.. ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം കണ്ടെത്തിയാല്‍ നമുക്ക് ഇന്നിനെ വിലയിരുത്താനാകും. സാമൂഹ്യപരിഷ്‌കര്‍ത്താവാകാനോ ആള്‍ക്കൂട്ടത്തില്‍ നായകനാകാനോ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. പക്ഷേ, ചില ജീവിതങ്ങളിലെങ്കിലും വഴിത്തിരിവുണ്ടാക്കാന്‍ നമുക്ക് സാധിക്കാനാകും. അതിന് അവരുടെ ജീവിതം മാറ്റിമറിക്കണമെന്നൊന്നുമില്ല. അവശ്യനേരത്ത് ഒരു കൈത്താങ്ങായാല്‍ മാത്രം മതി.