അയാള്‍ കടയിലെത്തി പൂച്ചെണ്ട് വാങ്ങി നൂറു കിലോമീറ്റര്‍ അകലെ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അപ്പോഴാണ് ആ പുക്കടയ്ക്കരികില്‍ ഒരു കുട്ടി കുറച്ച് നാണയത്തുട്ടുകളുമായി നില്‍ക്കുന്നത് അയാള്‍ കണ്ടത്. അവന്‍ ഇടക്കിടെ ആ തുട്ടുകള്‍ എണ്ണി സങ്കടത്തില്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അയാള്‍ അവനരികലേക്ക് ചെന്ന് കാര്യമന്വേഷിച്ചു. അവന്‍ പറഞ്ഞു: ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. മഞ്ഞപ്പൂക്കളാണ് അമ്മയ്ക്ക് ഏറെയിഷ്ടം. പക്ഷേ, അതിന് പണം തികയുകയില്ല. അവന്റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ അവന് മഞ്ഞപൂക്കള്‍ നിറഞ്ഞ മാല വാങ്ങിക്കൊടുത്തു. മാത്രമല്ല, അമ്മയുടെ അരികിലെത്തിക്കാമെന്ന് വാക്കും കൊടുത്തു. പക്ഷേ, അവന്‍ ഇറങ്ങിയ സ്ഥലം നഗരാതിര്‍ത്തിയിലെ ഒരു സെമിത്തേരിയായിരുന്നു. അവന്‍ നടന്നുനീങ്ങിയപ്പോള്‍ അയാള്‍ തിരികെ പൂക്കടയിലെത്തി. മുന്‍പ് എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്ത പൂച്ചെണ്ടുമായി നൂറ് കിലോമീറ്റര്‍ അകലെയുള്ള അമ്മയുടെ അരികിലേക്ക് തിരിച്ചു. അമ്മയ്ക്ക് നേരിട്ട് ആ പൂച്ചെണ്ട് സമ്മാനിക്കാന്‍... മരണനാന്തരചടങ്ങുകളോട് കാണിക്കുന്ന ആവേശവും താല്‍പര്യവും ജീവിച്ചിരിക്കുമ്പോള്‍ കാണിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കുറച്ചുകാലം കൂടി അവര്‍ക്ക് ആയുസ്സ് നീട്ടിക്കിട്ടുമായിരുന്നു. മരണശേഷം എത്രവലിയ സ്മാരകങ്ങള്‍ പണിതാലും മരിച്ചുപോയവര്‍ അതറിയുന്നില്ലല്ലോ. എപ്പോഴും ആരുടെയുമൊപ്പമിരിക്കാന്‍ സാധിക്കില്ല. പക്ഷേ, എത്ര തിരിക്കിനിടയിലും കൂടെയുണ്ടാകേണ്ട ചില സന്ദര്‍ഭങ്ങളും ആളുകളുമുണ്ട്. ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലും ഏറ്റവും മോശം നിമിഷങ്ങളിലും അയാളോടൊപ്പമുണ്ടാവുക എന്നതാണ് തീവ്രസ്‌നേഹത്തിന്റെ അടയാളം. സമയമുള്ളപ്പോള്‍ മാത്രം സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും സമയമുണ്ടാകില്ല. മുന്‍ഗണനകളേക്കാള്‍ സ്‌നേഹിക്കപ്പെടുന്നവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കാത്തിടത്തോളം സ്‌നേഹം മരണത്തിനു വേണ്ടി കാത്തുനില്‍ക്കും. അറിവു ലഭിക്കുന്നത് പുസ്തകളങ്ങില്‍ നിന്നാണ്. എന്നാല്‍ തിരിച്ചറിവുലഭിക്കുന്നത് അനുഭവങ്ങളില്‍ നിന്നും. സ്‌നേഹിച്ചിരുന്നവര്‍ അപ്രത്യക്ഷമാകുമ്പോഴാണ് ആ നിശബ്ദസാന്നിധ്യം പോലും എത്ര ഊര്‍ജ്ജദായകമായിരുന്നു എന്ന് നാം തിരിച്ചറിയുക എല്ലാ ബന്ധങ്ങളിലും ഒരു പുനര്‍യാത്ര നമുക്ക് നടത്താം. ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാം .