ചിലരില്‍ കൊവിഡ് ഭേദമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്വാസകോശത്തിനേറ്റ പ്രശ്‌നങ്ങള്‍ ഇല്ലാതായിപ്പോകാം. എന്നാല്‍ മറ്റ് ചിലരില്‍ ഈ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് കിടക്കുകയും മറ്റ് ശ്വാസകോശരോഗങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യാം. അതിനാല്‍ തന്നെ കൊവിഡ് ശ്വാസകോശത്തെ ബാധിച്ചുവോ ഇല്ലയോ, ഉണ്ടെങ്കില്‍ തന്നെ അതെത്രമാത്രം ഗൗരവമുള്ളതാണ് എന്നെല്ലാം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൊവിഡ് ഭേദമായ ശേഷവും പലരിലും കൊവിഡ് ലക്ഷണമായി വരുന്ന തളര്‍ച്ച, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. 'ലോംഗ് കൊവിഡ്' എന്നാണിതിനെ വിളിക്കുന്നത്. എന്തായാലും ചുമയും ശ്വാസതടസവും ഒപ്പം തന്നെ താഴ്ന്ന ഓക്‌സിജന്‍ നിലയും കാണുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് സിടി സ്‌കാന്‍ ചെയ്യേണ്ടതുണ്ടോയെന്ന് അന്വേഷിക്കുക. ന്യുമോണിയയുടെ അവശേഷിപ്പുകള്‍ ശ്വാസകോശത്തിലുണ്ടോയെന്ന് മനസിലാക്കാന്‍ സിടി സ്‌കാന്‍ ഉപകരിക്കും. കൊവിഡ് 19 ഒരു ശ്വാസകോശരോഗമാണെങ്കില്‍ കൂടി എല്ലായ്‌പോഴും രോഗിയുടെ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കണമെന്നില്ല. എന്നാല്‍ നേരത്തേ ഏതെങ്കിലും വിധത്തിലുള്ള ശ്വാസകോശരോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക, കൊവിഡ് നിങ്ങളുടെ രോഗാവസ്ഥയെ തീവ്രമാക്കാം. 80 ശതമാനം കേസുകളിലും കൊവിഡ് ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 10 മുതല്‍ 15 ശതമാനം വരെയുള്ള കേസുകളില്‍ താഴ്ന്ന ഓക്‌സിജന്‍ നിലയും ശ്വാസതടസവും പോലുള്ള പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. ഇത് കൊവിഡ് ശ്വാസകോശത്തെ നല്ലരീതിയില്‍ ബാധിച്ചുവെന്നതാണ് വെളിപ്പെടുത്തുന്നത്.